കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു

By News Desk, Malabar News
Bhutan Records First Coronavirus Death
Representational Image
Ajwa Travels

തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്.

തലസ്‌ഥാന നഗരിയായ തിംഫുവിലെ ആശുപത്രിയിൽ കരൾ രോഗം ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 34കാരനാണ് മരിച്ചത്. ഡിസംബർ 23ന് ഇയാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഭൂട്ടാൻ ആരോഗ്യ മന്ത്രാലയം മരണത്തിൽ അനുശോചിച്ചു.

ഇന്ത്യക്കും ചൈനക്കും ഇടയിൽ സ്‌ഥിതി ചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാൻ. ഹിമാലയൻ താഴ്‌വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിൽ ഒന്നുകൂടിയാണ് ഭൂട്ടാൻ. മാർച്ച് മുതൽ തന്നെ രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും ഭൂട്ടാൻ ഗവൺമെന്റ് നിർത്തിവെച്ചിരുന്നു. വിനോദ സഞ്ചാരികൾക്ക് നിരവധി മാസങ്ങളായി ഇവിടെ സന്ദർശനത്തിന് അനുവാദം ഉണ്ടായിരുന്നില്ലെന്നും സർക്കാർ അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ ഒരു സ്‌ത്രീ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ രാജ്യത്ത് കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവർ രാജ്യത്തുടനീളം സഞ്ചരിക്കുകയും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്‌തിരുന്നു. തുടർന്ന്, ഡിസംബർ ആദ്യവാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 400ൽ നിന്ന് 770 ആയി വർധിച്ചു. 15 മുതൽ 17 വരെ പ്രതിദിന കേസുകൾ രേഖപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങൾക്ക് ആശ്വാസമാണെങ്കിലും ഭൂട്ടാനെ സംബന്ധിച്ച് ഈ കണക്കുകൾ ഏറെ ആശങ്ക ഉയർത്തുന്നതാണ്.

നിലവിലെ കോവിഡ് വ്യാപനം ഡിസംബർ മാസത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്. ഭൂട്ടാനിലെ ജനങ്ങൾക്ക് അവരുടെ ജില്ലയിൽ നിന്ന് പുറത്തുപോകാൻ പ്രത്യേക അനുമതി വേണം. തിംഫു, അയൽജില്ലയായ പരോ എന്നിവിടങ്ങളിൽ അവശ്യ വസ്‌തുക്കൾ വാങ്ങുന്നതിന് പോലും പ്രത്യേക കാർഡുകൾ കാണിക്കണം. ഇത്തരം കർശന നിയന്ത്രണങ്ങൾ മൂലം കോവിഡ് വ്യാപനം വലിയ തോതിൽ കുറക്കാനാകുമെങ്കിലും ജനങ്ങൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്.

കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ ഭൂട്ടാനിൽ സുരക്ഷിതമായി ലഭ്യമാക്കുന്നതിന് വേണ്ടി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ 767 പേർക്കാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ചത്. ഇതിൽ 459 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.

Also Read: ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE