വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ

By Desk Reporter, Malabar News
Amit-Sha,-Narendra-Modi
Ajwa Travels

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ആയിരത്തിലധികം തൊഴിലാളികളുടെ പ്രതിഷേധം. വാഗ്‌ദാനങ്ങൾ പാലിക്കാത്ത ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. അസമിലെ പ്രവർത്തന രഹിതമായ രണ്ട് പേപ്പർ മില്ലുകളിലെ 1,800 ഓളം ജീവനക്കാരാണ് ബിജെപിക്ക് എതിരെ എത്തിയിരിക്കുന്നത്.

രണ്ട് മില്ലുകളും വീണ്ടും തുറക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനം പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിനാൽ തങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് തൊഴിലാളികൾ പ്രഖ്യാപിച്ചു. പ്രകോപിതരായ തൊഴിലാളികൾ ബിജെപിക്കെതിരെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ അസമിലെ ഹൈലകണ്ടിയിലെ ഹിന്ദുസ്‌ഥാൻ പേപ്പർ കോർപ്പറേഷൻ നടത്തുന്ന കാച്ചർ പേപ്പർ മില്ലും മധ്യ അസമിലെ ജാഗി റോഡിലെ നാഗോൺ പേപ്പർ മില്ലും പുനരുജ്ജീവിപ്പിക്കുമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നു. ആദ്യത്തെ മില്ല് 2015ൽ അടച്ചു, രണ്ടാമത്തേത് രണ്ട് വർഷത്തിന് ശേഷവും അടച്ചു പൂട്ടിയിരുന്നു.

രണ്ട് മില്ലുകളിലെയും 1,800 ഓളം ജീവനക്കാരുടെ അംഗീകൃത യൂണിയനുകളുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ‘വഞ്ചന’ തുറന്നു കാട്ടുന്നതിനും ജനങ്ങളെ ബോധവാൻമാർ ആക്കുന്നതിനും വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

“ഞങ്ങൾ ബാരാക് താഴ്‌വരയിലെ പല വീടുകളും സന്ദർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ മറ്റ് വീടുകളും ഞങ്ങൾ സന്ദർശിക്കും,”- യൂണിയൻ പ്രസിഡണ്ട് മനബെംദ്ര ചക്രവർത്തി പറഞ്ഞു.

മില്ലുകൾ പുനരാരംഭിക്കുന്നതിനും ജീവനക്കാർക്ക് കുടിശ്ശിക നൽകുന്നതിനുമുള്ള വാഗ്‌ദാനം പാലിക്കാത്തതിലൂടെ ബിജെപി സർക്കാർ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെ ‘പീഡിപ്പിക്കുക’ ആണെന്ന് ചക്രവർത്തി ആരോപിച്ചു. രണ്ട് മില്ലുകളും പ്രവർത്തനം നിർത്തിയതിനെ തുടർന്ന് നിരവധി ജീവനക്കാർ ആത്‍മഹത്യ ചെയ്‌തിട്ടുണ്ട്‌.

അസമിലെ 126 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 2ന് പ്രഖ്യാപിക്കും.

Also Read:  ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE