കൊച്ചി: രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതിനു മുൻപുള്ള ഇടവേള 84 ദിവസമായി നിശ്‌ചയിച്ചത് ഫലപ്രാപ്‌തിക്ക് വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എന്തിന്റെ അടിസ്‌ഥാനത്തിലാണ് ഇടവേള നിശ്‌ചയിച്ചതെന്നു കഴിഞ്ഞ ദിവസം കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ മറുപടി സത്യവാങ്മൂലം.
84 ദിവസത്തിനു മുൻപു രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗാർമെന്റ്സ് സമർപ്പിച്ച ഹരജിയിലാണ് വാക്‌സിൻ ലഭ്യതയാണോ കാരണമെന്നു കോടതി സർക്കാരിനോട് ചോദിച്ചത്. വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
കിറ്റെക്‌സ് കമ്പനി ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 12,000 ഡോസ് വാക്‌സിൻ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതു നൽകാൻ ആരോഗ്യ വിഭാഗത്തോടു നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് എടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് നൽകാൻ അനുമതി ലഭിച്ചിട്ടില്ല എന്നായിരുന്നു കമ്പനി കോടതിയെ അറിയിച്ചിരിക്കുന്നത്.
National News: രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ