കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

By Web Desk, Malabar News
CM calls for investors' meeting in Telangana
Ajwa Travels

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ ഭാവിയ്‌ക്ക്‌ വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന് ഒഴിച്ചു കൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

പ്രദേശങ്ങളെ അടിസ്‌ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്‌ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ളര്‍ റഡാര്‍ സ്‌ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവന്‍ സമയവും സംസ്‌ഥാനത്തിന് വിവരങ്ങള്‍ നല്‍കുന്ന രീതിയില്‍ സജ്‌ജീകരിക്കണം. ജില്ലാതലത്തില്‍ കാലാവസ്‌ഥാ വിദഗ്‌ധരുടെ സേവനം ലഭ്യമാക്കണം.

നാടിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേല്‍ തുടര്‍ച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്‌ഥാന താൽപര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. ജനാധിപത്യ വ്യവസ്‌ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു.

ജിഎസ്‌ടി കുടിശിക, വാക്‌സിനേഷന്‍ ഉത്തരവാദിത്തം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്. ഭക്ഷ്യധാന്യ പ്രശ്‌നം, റബര്‍ വിലസ്‌ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസ പ്രശ്‌നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്തമുള്ള വിഷയങ്ങളാണ്. ഇതിലൊക്കെ സംസ്‌ഥാന താൽപര്യം വേണ്ടവിധം പരിഗണിക്കുന്നില്ല.

വികസന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അടിസ്‌ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്‌ഥാനവും പരസ്‌പരം സഹകരിച്ചുപോകല്‍ വളരെ പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എംപിമാര്‍ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങള്‍ക്കുള്ള ജിഎസ്‌ടി നഷ്‌ട പരിഹാരം 2022 ജൂലായ്‌ക്ക്‌ ശേഷവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളിലും ലഭിക്കണം.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്‌ഥാനങ്ങള്‍ക്ക് ചിലവഴിക്കാനുള്ള നിബന്ധനകള്‍ പരമാവധി ഒഴിവാക്കി ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. നിര്‍ദ്ദിഷ്‌ട തുറമുഖ ബില്‍, വൈദ്യുതി ബില്‍ എന്നിവയില്‍ ആശങ്ക കേരളത്തിനുണ്ട്. കോവിഡ് പശ്‌ചാത്തലത്തില്‍ പ്രവാസി പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കണം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ത്വരിതപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കണം. ശബരി റെയില്‍ പദ്ധതി പുനരുജ്‌ജീവിപ്പിക്കാന്‍ ഇടപെടണം. കാക്കനാട് മെട്രോ റെയില്‍ എക്‌സ്‌റ്റന്‍ഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്.

കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാതയുടെ മൊത്തം ചിലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്‌ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കല്‍ എന്നീ കാര്യങ്ങളില്‍ ഒന്നിച്ചു നീങ്ങണം. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തിരമായി അനുവദിക്കണം.

എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. പ്രകൃതി ദുരന്തം മൂലം തകര്‍ന്ന റോഡുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്‌തമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ എംപിമാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ കുമാർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE