ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉൽഘാടനമാണ് ഇന്ന് ഓൺലൈനിലൂടെ അദ്ദേഹം നിര്‍വഹിച്ചത്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്‌ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ളിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിൽസ വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം കാന്‍സര്‍ ബോധവൽക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും അറിയിച്ചു.

ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇ-കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതശൈലീ രോഗങ്ങള്‍ സംസ്‌ഥാനത്ത് വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിൽസാ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും മറ്റും ഇത്തരത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ സാന്നിധ്യം കാരണം പിന്നോട്ടടിക്കപ്പെടുന്ന അവസ്‌ഥയുണ്ടാകരുത്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതിയിലൂടെ 30 വയസിനു മുകളിലുള്ള എല്ലാ വ്യക്‌തികളുടെയും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സംബന്ധിച്ചും വിവരശേഖരണം നടത്താന്‍ ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

ജന്തുജന്യ രോഗങ്ങള്‍ വലിയ തരത്തിലുള്ള ഭീഷണിയാണ് മാനവരാശിക്ക് ഉണ്ടാക്കുന്നത്. ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സംഭവങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘വണ്‍ ഹെല്‍ത്ത്’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആരംഭിക്കുന്നത്. ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിലും വലിയ തോതിലുള്ള ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്; മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഈ സര്‍ക്കാര്‍ ആരോഗ്യമേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുകയാണ്. അതിന്റെ ദൃഷ്‌ടാന്തമായി മാറുകയാണ് ഉൽഘാടനം ചെയ്‌ത ഈ പദ്ധതികള്‍. കഴിഞ്ഞ ഒരു വര്‍ഷം ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളിലേക്ക് കണ്ണോടിച്ചാല്‍ തന്നെ ഈ സര്‍ക്കാര്‍ ആരോഗ്യമേഖലയ്‌ക്ക് നല്‍കുന്ന പ്രാധാന്യം മനസിലാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടിനെ പുരോഗമനപരമായി മുന്നോട്ടു കൊണ്ടുപോയി നവകേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ പൊതുജനാരോഗ്യ സംവിധാനത്തിനും കൃത്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും അതിനായി നമ്മുടെ പൊതുജനാരോഗ്യ മേഖലയെ സജ്‌ജമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് സര്‍വതല സ്‌പര്‍ശിയും സാമൂഹ്യ നീതിയിലൂന്നിയതുമായ ഒരു മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE