തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ സഭ ബഹിഷ്‌കരിച്ചു.
മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം സഭ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പടെ നിയമ സഭയില്‍ ഉയര്‍ന്നത് എന്നും ആരോപിച്ചു.
കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ഒഴിവാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയമസഭയില്‍ ശരിയായ ഉത്തരം പറയാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. അഴിമതിക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് വ്യക്‌തമാക്കി സ്‌പീക്കർ എംബി രാജേഷ് ഇന്നലെ തള്ളിയ വിഷയമാണ് ഇന്ന് വീണ്ടും പ്രതിപക്ഷം ഉയര്‍ത്തുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ബഹളത്തിനിടെ സഭാ നടപടികളുമായി സ്‌പീക്കർ മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ ഭരണപക്ഷ എംഎല്‍എമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്ന് പിഎസ് സുപാല്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന് ഡെൽഹിയിൽ പോകാനാണ് ബഹിഷ്‌കരണമെന്ന് ആയിരുന്നു ഇകെ വിജയന്റെ പരിഹാസം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ വിഷയം സഭ പരിഗണിക്കുമ്പോള്‍ യുഡിഎഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നിലപാട് അപഹാസ്യമെന്നും അവര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ദുര്‍ബല വിഭാഗം ഇടതുപക്ഷത്തിനൊപ്പം നിന്നതിന്റെ ആക്രോശമാണ് പ്രതിപക്ഷത്തിന്റെതെന്ന് ആണ് ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന്റെ പ്രതികരണം. പ്രതിപക്ഷം എന്ത് കുഴപ്പം ഉണ്ടാക്കിയാലും പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‍ണൻ വ്യക്‌തമാക്കി.
Also Read: പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി