പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ കോൺഗ്രസിൽ കൂട്ടരാജി. സഖ്യത്തെ ചൊല്ലി തർക്കവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്‌ച രാവിലെ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎൽഎ രോഹൻ ഖൗഡയെ പിന്തുണക്കാനാണ് രാജിവെച്ച കോൺഗ്രസ് നേതാക്കളുടെ തീരുമാനം. അടുത്ത വർഷം തുടക്കത്തിൽ നടക്കാൻ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം.
വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് താൽപര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാൽ അങ്ങനെയാണ് തോന്നുകയെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു.
ദക്ഷിണ ഗോവയിൽ നിന്നുള്ള മുതിർന്ന നേതാവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോൺഗ്രസിന് മറ്റൊരു തിരിച്ചടിയായി. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടും കർട്ടോറിം മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎ അലിക്‌സോ റെജിനൽഡോ ലോറൻകോയ്‌ക്ക് പാർട്ടി സ്‌ഥാനാർഥിത്വം നൽകിയതിൽ താൻ അസ്വസ്‌ഥൻ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിബെലോയുടെ രാജി.
ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്‌പി) സഖ്യമുണ്ടാക്കിയതിനെ തുടർന്ന് പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് നേതാക്കളുടെ കൂട്ടരാജി. എന്നാൽ, ജിഎഫ്‌പി കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ അതിനെ സഖ്യമായി കാണാനാകില്ലെന്നും ഗോവയിൽ കോൺഗ്രസിന്റെ ചുമതലയുള്ള പി ചിദംബരം പറഞ്ഞു.
Also Read: ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു