കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

By Trainee Reporter, Malabar News
Rahul Gandhi, Swara Bhaskar, Owaisi

ഗാസിയാബാദ്: കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര പ്രവർത്തക സ്വര ഭാസ്‌കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്ക് എതിരെ ബിജെപി എംഎൽഎ പോലീസിൽ പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ നിജസ്‌ഥിതി മറച്ചുവെച്ച് കലാപം പടർത്താൻ ശ്രമിച്ചെന്നാണ് ഇവർക്ക് എതിരായ ആരോപണം. ഗാസിയാബാദിലെ ലോണിയിൽ നിന്നുള്ള ബിജെപി എംഎൽഎ നന്ദ കിഷോർ ഗുജറാണ് പരാതി നൽകിയത്.

കലാപത്തിന് പ്രേരിപ്പിക്കും വിധമായിരുന്നു ഈ വിഷയത്തിൽ ഇവരുടെ ഇടപെടലുകളെന്ന് നന്ദ കിഷോർ പരാതിയിൽ പറയുന്നു. നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഉത്തർ പ്രദേശ് മുഴുവനും വർഗീയ കലാപത്തിന് പ്രേരിപ്പിക്കാനുള്ള നീക്കമാണെന്നും പരാതിയിൽ പറയുന്നുണ്ട്.

അബ്‌ദുൽ സമദ് എന്ന വയോധികനാണ് മർദ്ദനമേറ്റത്. യുപി ഗാസിയാബാദിലെ ലോണിയിൽ ഈ മാസം അഞ്ചിനായിരുന്നു സംഭവം. പാക് ചാരനെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ വയോധികനെ മർദ്ദിച്ചത്. ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ജൂൺ അഞ്ചിന് നിസ്‌കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്നു അബ്‌ദുൽ സമദ്. എന്നാൽ ഇദ്ദേഹത്തിന് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് അടുത്തുള്ള ഒരു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആക്രമിക്കുകയും ആയിരുന്നു. ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. കൂടാതെ മുദ്രാവാക്യങ്ങൾ ആവർത്തിക്കാൻ അക്രമികൾ അബ്‌ദുൽ സമദിനോട് ആജ്‌ഞാപിക്കുന്നതും മരവടികൾ കൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

ഹിന്ദുക്കൾ മാത്രമാണ് കേസിൽ പ്രതികളായത് എന്നാണ് രാഹുൽ ഗാന്ധി, ഒവൈസി, സ്വര ഭാസ്‌കർ എന്നിവർ ട്വീറ്റ് ചെയ്‌തത്‌. വിഷയത്തിൽ കേന്ദ്ര,സംസ്‌ഥാന സർക്കാരുകളെ പ്രതിസ്‌ഥാനത്ത് നിർത്താനാണ് ഇവർ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംഎൽഎയും പരാതി നൽകിയത്.

Read also: സർവകലാശാല പരീക്ഷകൾ ജൂൺ 28 മുതൽ; മാർഗനിർദ്ദേശങ്ങളായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE