കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് 3 കേസ് രജിസ്‌റ്റർ ചെയ്‌തു.
സാബു ജേക്കബിനെ തടഞ്ഞതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എഎസ്‌ഐയെ കയ്യേറ്റം ചെയ്‌തതിനുമാണ് കേസ്. ചീഫ് കോർഡിനേറ്ററെ തടഞ്ഞതിന് സിപിഎം, കോൺഗ്രസ് പ്രാദേശിക നേതാക്കളടക്കം നാൽപത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന നാന്നൂറ് പേർക്കെതിരെയും എഎസ്‌ഐയെ കയ്യേറ്റം ചെയ്‌തതിന് നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം, ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവുമായി ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ നാളെ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് ട്വന്റി ട്വന്റി നേതൃത്വം അറിയിച്ചു.
യോഗത്തിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി പോലീസ് ലംഘിച്ചുവെന്നാണ് ആരോപണം. ഐക്കരനാട്, കന്നത്തു നാട് എന്നീ പഞ്ചായത്തുകളിൽ ആസൂത്രണ സമിതി രൂപീകരണ സമയത്തും ഐക്കനാട് പഞ്ചാത്തിലെ ആസൂത്രണ സമിതി യോഗത്തിലും പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ട്വന്റി ട്വന്റി കോടതിയെ സമീപിച്ചത്. സുരക്ഷ നൽകണമെന്ന് കോടതി പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, സംരക്ഷണം ഉറപ്പാക്കിയെന്നാണ് പോലീസിന്റെ വാദം.
കുന്നത്തു നാട് പഞ്ചായത്തിൽ വെള്ളിയാഴ്‌ച നടക്കുന്ന യോഗത്തിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
Also Read: ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ