മലപ്പുറം: മനുഷ്യത്വ രഹിതമായ നവലിബറൽ ആശയങ്ങളുടെ തണലിൽ നടക്കുന്ന രതി വൈകൃതങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഉഭയസമ്മതമെന്ന മറവിൽ നടക്കുന്ന രതി വൈകൃതങ്ങൾക്ക് തടയിടാൻ നിയമനിർമാണം ആവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ‘കപ്പിള്‍ ഷെയറിങ്’ സംഘത്തിനെതിരെ ശക്‌തമായ നിയമനടപടി സാധ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ ‘കപ്പിള്‍ ഷെയറിങ്’ കേസിൽ പോലീസ് പിടികൂടിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഭാര്യമാരെ കൈമാറുന്നവര്‍ പണം വാങ്ങുന്നുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
എന്നാൽ, പരാതികൾ ഇല്ലാത്തതിനാൽ ‘നിയമം അനുവദിക്കുന്ന ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യത്തിൽ കൈകടത്താൻ’ പൊലീസിന് ആകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് നിയമനിർമാണം എന്ന ആവശ്യവുമായി കേരള മുസ്‌ലിം ജമാഅത്ത് ഇടപെടുന്നത്.
‘ഉഭയസമ്മതമെന്ന മറവിൽ നടക്കുന്ന രതിവൈകൃതങ്ങളെ തടയാൻ നിയമ നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം നീച വൃത്തിയിൽ ഏർപ്പെടുന്നവരെ തടയുന്നതിന് കർശന നിയമങ്ങൾ ഉണ്ടാക്കണം’ -കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.
‘നാട്ടിൽ അരാജകത്വത്തിന് കാരണമാകുന്നതും സ്‌ത്രീകളുടെ അഭിമാനത്തെ പിച്ചിചീന്തുന്നതുമായ ഇത്തരം നികൃഷ്‌ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സാധ്യമാകുന്ന നിയമങ്ങളുണ്ടാക്കാൻ ശക്‌തമായ സമ്മർദ്ദവുമായി മുഴുവൻ രാഷ്‌ട്രീയ -സാംസ്‌കാരിക പ്രസ്‌ഥാനങ്ങളും മുന്നോട്ട് വരണം. ധാർമികതയും മാനവീകതയും സ്‌ത്രീകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണ്. ‘ -കേരള മുസ്‌ലിം ജമാഅത്ത് വിശദമാക്കി.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂർ, എംഎൻ കുഞ്ഞുമുഹമ്മദ് ഹാജി, വടശ്ശേരി ഹസൻ മുസ്‌ലിയാർ,സികെയു മൗലവി മോങ്ങം, സയ്യിദ് സ്വലാഹുദീൻ ബുഖാരി, പിഎസ്‌കെ ദാരിമി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അലവിക്കുട്ടി ഫൈസി എടക്കര, ബശീർ പടിക്കൽ , യൂസ്‌ഫ് ബാഖവി, കെപി ജമാൽ കരുളായി, മുഹമ്മദ് ഹാജി മുന്നിയൂർ, അലിയാർ കക്കാട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Attention Readers: വനിതാ വാർത്തകൾ ഇവിടെ വായിക്കാം