കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. നിലവിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായെന്നും നിഥിനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും വൈക്കം എംഎൽഎ ആശ അറിയിച്ചു.
നാളെ രാവിലെ 8.30ഓടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും. ഒൻപത് മണിയോടെയാകും പോസ്‌റ്റുമോർട്ടം നടക്കുക എന്നാണ് വിവരം. ശേഷം മൃതദേഹം പെൺകുട്ടിയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷം ബന്ധുവിന്റെ വീട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഇന്ന് രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പരീക്ഷ എഴുതാൻ എത്തിയ നിഥിനയെ വള്ളിച്ചിറ സ്വദേശി അഭിഷേഖ് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി നിഥിനയുടെ കഴുത്തറുത്തത്. ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ കിടന്ന നിഥിനയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം നടന്ന സമയം സമീപത്തുണ്ടായിരുന്നവരാണ് അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്