ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് എഫ്‌ഐആറിൽ പോലീസ് മാറ്റം വരുത്തിയത്.

By Trainee Reporter, Malabar News
Death of tribal youth Viswanathan
വിശ്വനാഥൻ
Ajwa Travels

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് എഫ്‌ഐആറിൽ പോലീസ് മാറ്റം വരുത്തിയത്.

അതേസമയം, വെറുമൊരു ആത്‍മഹത്യ കേസായി വിശ്വനാഥന്റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ്‌സി-എസ്‌ടി കമ്മീഷൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ ഡിസിപി സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു.

വിശ്വനാഥൻ മരിക്കുന്നതിന് മുൻപ് ആശുപത്രി പരിസരത്ത് വെച്ച് രണ്ടു പേരോട് സംസാരിക്കുന്നതും, 12ഓളം പേർ ചുറ്റും കൂടി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വയനാട്ടിലെ വീട് സന്ദർശിച്ച എസ്‌സി-എസ്‌ടി കമ്മീഷൻ ബിഎസ് മാവോജി അറിയിച്ചു. കുടുംബത്തിന് നഷ്‌ടപരിഹാരവും ജോലിയും ശുപാർശ ചെയ്യുമെന്നും കമ്മീഷൻ വ്യക്‌തമാക്കി. കമ്മീഷന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

വിശ്വനാഥന്റെ മരണത്തിൽ സമഗ്ര അന്വേഷണമാണ് തുടക്കം മുതൽ കുടുംബത്തിന്റെ ആവശ്യം. ആൾക്കൂട്ട മർദ്ദനത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് ആവർത്തിക്കുന്ന കുടുംബം, റീ പോസ്‌റ്റുമോർട്ടവും ആവശ്യപ്പെടുന്നു. ബുധനാഴ്‌ചയാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥൻ. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും വിശ്വനാഥന്റെ ഭാര്യാ മാതാവ് ലീല ആരോപിച്ചിരുന്നു.

Most Read: വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് ദിലീപ്; സത്യവാങ്മൂലം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE