ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടായ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹരജി വന്നത്.
കോവിഡ് വാക്‌സിൻ സ്വീകരിച്ച 900ത്തോളം പേർ മരിച്ചെന്നാണ് കണക്കുകളിൽ നിന്നും വ്യക്‌തമാവുന്നത്. ഇതേക്കുറിച്ച് ശാസ്‌ത്രീയമായ പഠനവും അന്വേഷണവും വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. വാക്‌സിനേഷൻ വ്യാപകമായതോടെ ഇത്തരം മരണങ്ങൾ കൂടി വരികയാണെന്നും ഹരജിക്കാരൻ ആരോപിച്ചു.
എന്നാൽ എല്ലാ മരണങ്ങളുടേയും ഹേതു വാക്‌സിൻ ആയിരിക്കാമെന്ന് ഈ ഘട്ടത്തിൽ സംശയിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ലോകാരോഗ്യ സംഘടനയുടേതടക്കം വിവിധ ഏജൻസികളുടെ അംഗീകാരം ഉള്ള വാക്‌സിൻ ആണ് വിതരണം ചെയ്യുന്നത്. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ അതിനെതിരെ സംശയമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
എങ്കിലും കേസ് ഫയലിൽ സ്വീകരിച്ച കോടതി ഹരജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് മൂലം തകർന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു ഹരജിയും ഇന്ന് സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഈ ഹരജിയും ഫയലിൽ സ്വീകരിച്ച കോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ചു.
Most Read: ‘മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ടതില്ല, വിമർശനം സ്വാഗതം ചെയുന്നു’; റോഷി അഗസ്‌റ്റിൻ