ഒടുവിൽ തൂക്കുകയർ; ആലുവ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്‌തമാക്കിയ കോടതി, പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
aluva pocso case
Ajwa Travels

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. വിചാരണ പൂർത്തിയാക്കി 110ആം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി കെ സോമൻ പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്.

ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഈ 13 കുറ്റങ്ങളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ നൽകിയാൽ, രാഷ്‌ട്രപതിയെ ദയാഹരജിയുമായി സമീപിക്കാവുന്നതാണ്. രാഷ്‌ട്രപതി വധശിക്ഷ ഇളവ് ചെയ്‌തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.

ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്‌തമാക്കിയ കോടതി, പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ശിശുദിനത്തിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

ഇതര സംസ്‌ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ടു ലക്ഷം രൂപ വീതവുമാണ് ശിക്ഷ. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. ആലുവ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ ബീഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 29ന് രാവിലെ ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ലഹരിക്കടിമയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. 41 സാക്ഷികളുടെ വിസ്‌താരം കേസിൽ നടന്നു. കേസിൽ വേഗത്തിൽ അന്വേഷണം പൂത്തിയാക്കിയ പോലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ചു അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.

Vanitha Varthakal| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE