അജ്‌മാൻ: അയൽവാസിയുടെ അപ്പാർട്മെന്റിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. അയൽവാസിയായ അറബ് യുവതിയുമായി ഉണ്ടായ തർക്കത്തിനിടെ ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ തകർക്കുകയും ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്‌തതാണ് കേസ്.
അജ്‌മാനിലെ മദീന കോംപ്രഹൻസീവ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തന്റെ വീട്ടിലേക്ക് യുവാവ് കല്ലെറിയുകയും കരിമരുന്ന് ഉപയോഗിച്ച് ബാൽക്കണിയിൽ തീയിട്ടുവെന്നും വാതിൽ നശിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം ഉരുകിയ വസ്‌ത്രങ്ങളും കല്ലുകളും ചാരവും ബാൽക്കണിയിൽ നിന്ന് കണ്ടെത്തി.
തെളിവുകളുടെ അടിസ്‌ഥാനത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പെട്രോൾ കാനുകൾ, സ്‌ക്രൂ ഡ്രൈവർ, പഞ്ഞി, ഡ്രില്ലിങ് മെഷീനുകൾ തുടങ്ങിയവ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തന്നെ നിരന്തരം ശല്യം ചെയ്‌തതിന്റെ പ്രതികാരമായാണ് യുവതിയുടെ ഫ്‌ളാറ്റിന് തീയിട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. താൻ ഒൻപത് തവണ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും അതിനാലാണ് ഈ രീതിയിൽ പ്രതികരിക്കേണ്ടി വന്നതെന്നും ഇയാൾ വിശദീകരിച്ചു.
Also Read: അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്