ന്യൂഡെൽഹി: ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസ് ഏസർ ലാപ്‌ടോപ്പുകൾ നിർമിക്കാൻ ഒരുങ്ങുന്നു. തായ്‌വാൻ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്‌സണ്‍ ടെക്നോളജീസ് ഇതിന്റെ കരാറിൽ ഒപ്പുവെച്ചു. തുടക്കത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കാകും ഡിക്‌സണ്‍ ഈ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുക.
പിന്നീട് വിദേശത്തേക്ക് കയറ്റി അയക്കാനാണ് തീരുമാനം. പ്രാരംഭ ഘട്ടത്തിൽ പ്രതിവര്‍ഷം 5 ലക്ഷം ഏസര്‍ ലാപ്‌ടോപ്പുകളാകും ഡിക്‌സന്റെ ഫാക്‌ടറിയില്‍ നിന്ന് പുറത്തിറങ്ങുക. മൂന്ന് വർഷത്തിനുള്ളില്‍ പ്ളാന്റിന്റെ ശേഷി ഒരു മില്യണ്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാവുന്ന രീതിയിലേക്ക് മാറും. നിലവില്‍ എച്ച്പി, ലെനോവോ, ഡെല്‍ പോലുള്ള ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് രാജ്യത്ത് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നത്.
ഇന്ത്യയിൽ കൂടുതലും ലാപ്‌ടോപ്പുകൾ ഇറക്കുമതി ചെയ്യുന്നതാണ് ഇതുവരെയുള്ള രീതി. 2019-20 കാലയളവില്‍ മാത്രം 4.21 ബില്യണ്‍ ഡോളറിന്റെ ലാപ്‌ടോപ്പുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. ഇതിന്റെ സിംഹഭാഗവും ചൈനയിൽ നിന്നാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് തന്നെ ഉൽപാദനം ആരംഭിക്കാൻ ഡിക്‌സൺ പദ്ധതി ആരംഭിച്ചത്.
Read Also: ‘ദി ഗ്രേറ്റ് എസ്‌കേപ്’; ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം