തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് റുവൈസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. റുവൈസിനെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പിളളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് റുവൈസിനെ കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ വ്യക്‌തമാക്കി.
റുവൈസിന്റെ കുടുംബം വലിയ സ്‌ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹാന ആത്‍മഹത്യ ചെയ്‌തതെന്നാണ് വീട്ടുകാരുടെ മൊഴി. സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്‌തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർഥികളിലിൽ നിന്നും സത്യവാങ്‌മൂലം വാങ്ങാറുണ്ടെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
അതിനിടെ, ഡോ.റുവൈസിന്റെ മൊബൈൽ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പോലീസ് തീരുമാനിച്ചു. റുവൈസിനെ കസ്‌റ്റഡിയിൽ എടുത്തപ്പോൾ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഈ സഹസാഹര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‍സ് ആപ് ചാറ്റ് ഉൾപ്പടെയുള്ളവയിൽ വിശദമായ പരിശോധനക്കായി സൈബർ പരിശോധനക്ക് നൽകാൻ പോലീസ് തീരുമാനിച്ചത്.
Most Read| കൊച്ചി മെട്രോ ഇനി തൃപ്പുണിത്തുറയിലേക്ക് കുതിക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ