ആമിര്‍ ‘വ്യാളികളുടെ ഖാന്‍’; താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

By Staff Reporter, Malabar News
national image_malabar news
Aamir Khan, Emine Erdogan (Image Courtesy: Twitter@EmineErdogan)
Ajwa Travels

ദില്ലി: ബോളിവുഡ് താരം ആമിര്‍ഖാനെതിരെ പരാമര്‍ശവുമായി ആര്‍എസ്എസ് മുഖപത്രം. തുര്‍ക്കി പ്രസിഡന്റെ എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ചാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയിലാണ് ആമിര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ഡ്രാഗണ്‍സ് ഫേവറിറ്റ് ഖാന്‍ (വ്യാളികളുടെ പ്രിയപ്പെട്ട ഖാന്‍) എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. എര്‍ദോഗാന്റെ ഭാര്യയുമൊത്ത് ഫോട്ടോയെടുക്കുന്നത് ബ്രാന്‍ഡ് അംബാസഡറാകാന്‍ വേണ്ടിയാണെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ശേഷവും മുമ്പും ദേശസ്നേഹ സിനിമകള്‍ ഉണ്ടായിരുന്നുവെങ്കിലും പാശ്ചാത്യ ലോകത്തിന്റെ സ്വാധീനത്തിലായിരിക്കുകയാണ് ഇന്ത്യന്‍ സിനിമയെന്ന് ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉറി- ദ സര്‍ജിക്കല്‍ സ്ട്രൈക്ക്, മണികര്‍ണിക പോലുള്ള കൂടുതല്‍ രാജ്യസ്നേഹ സിനിമകള്‍ പുറത്തുവരുമ്പോള്‍ തന്നെ ചില നടന്മാര്‍ സ്വന്തം രാജ്യത്തേക്കാള്‍ ചൈന, തുര്‍ക്കി പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങളെ ഇഷ്ട്ടപ്പെടുന്നതായും ലേഖനത്തില്‍ പറയുന്നു.

ആമിറിന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ചിത്രീകരിക്കാനുള്ള തീരുമാനത്തെയും ആര്‍എസ്എസ് വിമര്‍ശിച്ചു. മതേതരവാദിയാണെങ്കില്‍ എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതെന്ന ചോദ്യവും ആര്‍എസ്എസ് ലേഖനത്തില്‍ ഉയര്‍ത്തി. തുര്‍ക്കിയെപ്പോലെ മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതും സോഷ്യല്‍മീഡിയയെ നിരീക്ഷിക്കുന്നതുമായ രാജ്യത്തിന് വിധേയപ്പെട്ട് നില്‍ക്കുന്നതെന്തിനാണെന്ന് ആര്‍എസ്എസ് ചോദിച്ചു.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതുകൊണ്ടാണ് ആമിറിന്റെ സിനിമകള്‍ ചൈനയില്‍ വിജയിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. സല്‍മാന്‍ ഖാന്റെ സിനിമയായ സുല്‍ത്താന്‍ ആമിര്‍ ഖാന്റെ ദംഗല്‍ പോലെ വിജയം നേടാന്‍ കഴിയാതെ പോയതും ആമിറിന്റെ സിനിമകള്‍ മാത്രം ചൈനയില്‍ വിജയിക്കുന്നതും ഇതിന്റെ തെളിവുകളാണെന്നും ആര്‍എസ്എസ് ആരോപിച്ചു.

സുരക്ഷാ ചട്ടങ്ങളുടെ നോട്ടപ്പിശകാണിതെന്നാണ് ലേഖനത്തില്‍ പറയുന്നത്. അതിര്‍ത്തി തര്‍ക്കവും ചൈനയിലെ ആമിര്‍ ഖാന്റെ ജനപ്രീതിയും തമ്മില്‍ ബന്ധമുണ്ടെന്നും ആര്‍എസ്എസ് ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചയാണ് ആമിര്‍ ഖാനുമൊത്തുള്ള ചിത്രം എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗ ട്വീറ്റ് ചെയ്തത്. തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് പാണ്ഡയും ആമിര്‍ ഖാന്റെ സന്ദര്‍ശനത്തെ അഭിനന്ദിച്ചിരുന്നു.

നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരില്‍ ആമിര്‍ഖാന്‍ മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ തന്റെ ഭാര്യ ഭയപ്പെടുന്നുവെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ആമിറിന്റെ ഈ പരാമര്‍ശത്തിനെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ അന്ന് വലിയ രീതിയിലുള്ള ആക്രമണം അഴിച്ചു വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE