ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

By Desk Reporter, Malabar News
Facebook-India
Ajwa Travels

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ ‘പീസ് ആന്റ് ഹാർമണി’ കമ്മിറ്റി നൽകിയ നോട്ടീസിനെതിരെയാണ് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ എസ് കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്‌ണ മുറാരി എന്നിവരടങ്ങുന്ന മൂന്നം​ഗ ബെഞ്ച് നാളെ വീഡിയോ കോൺഫറൻസിംഗിലൂടെ ഹരജി പരിഗണിക്കും. മുൻ അറ്റോർണി ജനറൽ മുകുൾ റോത്ത​ഗിയാണ് അജിത് മോഹനുവേണ്ടി ഹാജരാകുന്നത്. ഡെൽഹി നിയമസഭാ സമിതിക്ക് തങ്ങൾ ഹജരാകണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി തന്റെ ഹരജിയിൽ പറയുന്നു.

ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണങ്ങളിൽ മനഃപൂർവ്വം നിഷ്‌ക്രിയത്വം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഹാജരാകാൻ ഞായറാഴ്ച ഡെൽഹി നിയമസഭാ സമിതി ഫേസ്ബുക്ക് ഇന്ത്യക്ക് പുതിയതും അന്തിമവുമായ നോട്ടീസ് അയച്ചിരുന്നു. നേരത്തെ സെപ്‌തംബർ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് അജിത് മോഹൻ ഉൾപ്പെടെയുള്ള ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് സമിതി നോട്ടീസ് നൽകിയിരുന്നു. രാഘവ് ഛദ്ദ എംഎൽ എ അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നോട്ടീസ്.

എന്നാൽ, ഹാജരാവാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർ തയ്യാറായിരുന്നില്ല. ഈ വിഷയത്തിൽ നേരത്തേ പാർലമെന്ററി പാനലിന് മുമ്പാകെ ഹാജരായിട്ടുണ്ടെന്നും അതിനാൽ ഡെൽഹി നിയമസഭയുടെ നോട്ടീസ് പിൻവലിക്കണമെന്നുമായിരുന്നു രേഖാമൂലം നൽകിയ മറുപടിയിൽ ഫേസ്ബുക്ക് ഇന്ത്യ പറഞ്ഞത്.

Also Read:  2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി

എന്നാൽ, ഈ മറുപടി തൃപ്‌തികരമല്ലെന്നും അവസാനമായി ഒരു നോട്ടീസ് കൂടി അയക്കുമെന്നും സമിതി പറഞ്ഞിരുന്നു. ഈ സമിതിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചത് ഡെൽഹി കലാപത്തിൽ ഫേസ്ബുക്കിന്റെ പങ്ക് മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നായിരുന്നു രാഘവ് ഛദ്ദ ഇതിനോട് പ്രതികരിച്ചത്. അവസാനമായി ഒരു നോട്ടീസ് കൂടി ഫേസ്ബുക്ക് ഇന്ത്യക്ക് അയക്കുമെന്നും അതും പാലിച്ചില്ലെങ്കിൽ നിർബന്ധമായി ഹാജരാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.

ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ നേരത്തെ, പാർലമെന്റ് സമിതിക്ക് മുൻപിലും അജിത് മോഹൻ ഹാജരായിരുന്നു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അദ്ധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്.

Kerala News:  ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE