ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു

By News Desk, Malabar News
Representational Image

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ കാലിടറിയ പലരും ആത്‌മഹത്യയുടെ പാതയും തിരഞ്ഞെടുത്തിരുന്നു. ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഹരിയാനയിൽ നിന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സമരമുഖത്ത് 58കാരനായ കർഷകൻ വിഷം കഴിച്ച് മരിച്ചു. പാലാ റാം എന്ന കർഷകനാണ് മരിച്ചതെന്ന് ഉച്ചന പോലീസ് അറിയിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് ഇദ്ദേഹം വിഷം കഴിച്ചത്. ബുധനാഴ്‌ച രാവിലെ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. സംഭവ സ്‌ഥലത്ത്‌ നിന്ന് ആത്‌മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഖട്കർ ടോൾ പ്‌ളാസയിലെ സമരഭൂമിയിൽ 500 മുതൽ 700 വരെ പ്രതിഷേധകരാണ് പകൽസമയങ്ങളിൽ ഒത്തുകൂടിയിരുന്നത്. എന്നാൽ, രാത്രികാലങ്ങളിൽ വളരെ കുറച്ച് പേർ മാത്രമേ ഇവിടെ തങ്ങാറുള്ളൂ. ചൊവ്വാഴ്‌ച രാത്രി രണ്ടോ മൂന്നോ ആളുകൾ മാത്രമേ പ്രതിഷേധ സ്‌ഥലത്ത്‌ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ഉറങ്ങാനായി പോയ പാലാ റാം ടെന്റിനുള്ളിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് പാലാ റാം പ്രതിഷേധത്തിനായി എത്തിയത്. കർഷകർക്ക് ചായയും ഭക്ഷണവും വിളമ്പി സമരമുഖത്ത് സജീവമായിരുന്നു ഇദ്ദേഹം. ആറ് മാസത്തിലേറെയായി കർഷകരുടെ പ്രക്ഷോഭം നടക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം വളരെ നിരാശയിലായിരുന്നുവെന്ന് പ്രതിഷേധ സ്‌ഥലത്തെ കർഷകർ പോലീസിനോട് പറഞ്ഞു.

മുൻപ് കർഷകരുടെ വേദന തനിക്ക് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് സിംഘു അതിർത്തിയിൽ ഒരു പ്രാസംഗികൻ ജീവിതം അവസാനിപ്പിച്ചിരുന്നു. തിക്രി അതിർത്തിയിലെ സമരഭൂമിക്ക് സമീപം പഞ്ചാബ് സ്വദേശിയായ ഒരു അഭിഭാഷകൻ വിഷം കഴിച്ച് മരിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇത്തരത്തിലുള്ള വാർത്തകൾ കോവിഡ് പ്രതിസന്ധിയിൽ മുങ്ങിപ്പോകാറാണ് പതിവ്. എങ്കിലും അധികം വൈകാതെ തന്നെ നിലനിൽപ്പിന് വേണ്ടിയുള്ള കർഷകരുടെ പ്രതിഷേധം വീണ്ടും സജീവമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. കൊടും തണുപ്പിനെയും കടുത്ത ചൂടിനെയും കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെയുമെല്ലാം അതിജീവിച്ച്‌ കർഷകരുടെ സമരം 200ആം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

2020 നവംബർ 26നാണ്‌ ലക്ഷക്കണക്കിന്‌ കർഷകർ ഡെൽഹിയിലേക്കുള്ള ദേശീയപാതകൾ ഉപരോധിച്ച്‌ സമരമാരംഭിച്ചത്‌. ജൂൺ 26ന്‌ സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ പ്രതിഷേധത്തിന്‌ സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അടിയന്തരാവസ്‌ഥാ പ്രഖ്യാപനത്തിന്റെ 46ആം വാർഷികം കൂടിയാണ് ജൂൺ 26. മോദി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണ്‌ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. 26ന്‌ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ സംഘടിപ്പിക്കുകയും ജില്ലാ- താലൂക്ക്‌ തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കർഷക നേതാക്കൾ വ്യക്‌തമാക്കി.

Also Read: ഡെല്‍ഹി കലാപം; വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE