കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ

By Staff Reporter, Malabar News
farmers in crisis in wayanad
Representational Image
Ajwa Travels

വയനാട്: മുടങ്ങാതെ കനത്തമഴ പ്രവചനവും യെല്ലോ അലർട് പ്രഖ്യാപനവും നടക്കുമ്പോഴും കത്തുന്ന വെയിലിൽ കൃഷികൾ വാടിയുണങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ പെയ്‌തിട്ട് രണ്ടാഴ്‌ച കഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. . മാനന്തവാടി, കൽപറ്റ മേഖലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. മിഥുനപാതിയിലും വേനൽ കടക്കുമ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഒരുകൂട്ടം കർഷകർ.

ജില്ലയിലെ മീനങ്ങാടി, നാലാംമൈൽ, പനമരം പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് ചെറുതായി ചാറ്റൽമഴ പെയ്‌തെങ്കിലും പകല്‍ ചൂടേറിയിട്ടുമുണ്ട്. വിവിധ കൃഷികള്‍ക്ക് വളമിട്ടവരും തൈകള്‍ നട്ടവരും ഇതോടെ ആശങ്കയിലായി. ഇഞ്ചി, ചേന, കപ്പ, കാച്ചില്‍ തുടങ്ങിയ കിഴങ്ങു കൃഷികളുടെ വളര്‍ച്ച മുരടിച്ചു. പുതുമഴയില്‍ നട്ട് വേരുപിടിച്ച കുരുമുളക്, കമുക്, കാപ്പി, പച്ചക്കറി എന്നിവയെല്ലാം പൊള്ളുന്ന ചൂടിൽ കരിഞ്ഞുണങ്ങുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളോളം ജില്ലയില്‍ കാലാവസ്‌ഥാ അധികൃതർ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ചാറ്റല്‍മഴ പോലുമുണ്ടായില്ല എന്നതാണ് വാസ്‌തവം. കാലവര്‍ഷം തിമിര്‍ക്കേണ്ട സമയത്തെ വരള്‍ച്ച കർഷകരെ നിരാശയിലും സങ്കടത്തിലുമാക്കുന്നു.

നേരത്തെയുണ്ടായ മഴയില്‍ കുരുമുളക് ചെടികള്‍ തളിര്‍ത്തു തിരിയിട്ടിരുന്നു. എന്നാല്‍ പകല്‍ചൂടില്‍ ഇവ കൊഴിയുകയാണ്. കൂടാതെ വാഴയടക്കം പല കൃഷികളും വെള്ളമില്ലാതെ വാടുന്ന നിലയാണ്. വിളനാശത്തിന് പുറമേ ക്ഷീരകര്‍ഷകരുടെ പ്രതീക്ഷയായ പുല്ലും കത്തുന്ന ചൂടില്‍ നശിക്കുന്നു. ജലസേചനം നടത്തിയാണ് പലരും നട്ട ചെടികളെ രക്ഷപ്പെടുത്തുന്നത്.

വയനാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ ശക്‌തമായ മഴയും കെടുതിയും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസവും കാലാവസ്‌ഥാ പ്രവചനവും സുരക്ഷാ മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാലിപ്പോൾ പെയ്യുന്നത് കർഷകരുടെ കണ്ണീർ മാത്രമാണ്.

Malabar News: ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE