ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ അന്തരിച്ചു

മലയാള സിനിമയിലെ മുൻനിരക്കാർക്കൊപ്പം എക്കാലവും പ്രവർത്തിച്ച പിവി ഗംഗാധരൻ നിർമിച്ച ചിത്രങ്ങൾ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു. ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽ കൊട്ടാരം, ഏകലവ്യൻ, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Filmmaker PV Gangadharan
പിവി ഗംഗാധരൻ

കോഴിക്കോട്: പ്രശസ്‌ത ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ (80) അന്തരിച്ചു. (Filmmaker PV Gangadharan passed away) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി ചികിൽസയിലായിരുന്നു. മലയാളികൾക്ക് നിരവധി സിനിമകൾ നൽകിയ ഗൃഹലക്ഷ്‍മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.

മലയാളികളുടെ മനസിൽ എന്നും മായാതെ തങ്ങിനിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ ഗൃഹലക്ഷ്‍മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവൽ കൊട്ടാരം, ഏകലവ്യൻ, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്.

ഹരിഹരൻ, ഐവി ശശി, ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ, വിഎം വിനു, റോഷൻ ആൻഡ്രുസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോൻ, ജയരാജ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിഹരൻ സംവിധാനം ചെയ്‌ത സുജാതയാണ് ആദ്യ സിനിമ. മലയാള സിനിമയിലെ മുൻനിരക്കാർക്കൊപ്പം എക്കാലവും പ്രവർത്തിച്ച പിവി ഗംഗാധരൻ നിർമിച്ച ചിത്രങ്ങൾ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു.

കണക്കിനാവ് എന്ന ചിത്രത്തിന് 1997ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരവും, 2000ത്തിൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ടുബുക്ക് എന്നീ ചിത്രങ്ങൾ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.

മാതൃഭൂമിയുടെയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഡയറക്‌ടർ ആയിരുന്നു. കെടിസി ഗ്രൂപ്പ് സ്‌ഥാപകൻ പിവി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ലാണ് പിവി ഗംഗാധരന്റെ ജനനം. ആഴ്‌ചവട്ടം സ്‌കൂളിലും ചാലപ്പുറം ഗണപതി ഹൈസ്‌കൂളിലും മദ്രാസിലെ ഒരു സ്വകാര്യ കോളേജിലും നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1961ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എഐസിസി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.

മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എഡിറ്റർ പിവി ചന്ദ്രൻ സഹോദരനാണ്. മുൻ അഡ്വ. ജനറൽ രത്നസിങ്ങിന്റെ മകൾ ഷെറിൻ ആണ് ഭാര്യ. ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾ ഇവർ നിർമിച്ച എസ് ക്യൂബ് സിനിമാസിന്റെ ഉടമകളായ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ മക്കളാണ്. മരുമക്കൾ: ജയതിലക്, വിജിൽ, സന്ദീപ്. സംസ്‌കാരം നാളെ വൈകിട്ട്.

Most Read| ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE