ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്‌പാനിഷ് മൽസ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിച്ചു. മൂന്നുപേരെ രക്ഷിച്ചെന്നും 11 പേരെ കാണാതായിട്ടുണ്ടെന്നും കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.
ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്. 24 ജീവനക്കാർ ഉണ്ടായിരുന്ന വടക്ക്- പടിഞ്ഞാറൻ സ്‌പെയിനിലെ ഗലീഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന വില്ല ഡി പിറ്റാൻക്‌സോ എന്ന മൽസ്യ ബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കായി ബോട്ട് മുങ്ങുകയായിരുന്നു.
മോശം കാലാവസ്‌ഥ കാരണം അപകടത്തിൽ പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ബോട്ട് മറിയാനുള്ള കാരണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
16 സ്‌പാനിഷ് പൗരൻമാരും അഞ്ച് പെറുവിയക്കാരും മൂന്ന് ഘാനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സ്‌പെയിൻ ഗതാഗത മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ടവരെ കനേഡിയൻ കോസ്‌റ്റ് ഗാർഡ് ഹെലികോപ്‌ടർ വഴി സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ കപ്പലിന്റെ 53 കാരനായ ക്യാപ്റ്റനും 42 കാരനായ മരുമകനും ഉള്‍പ്പെടുന്നുവെന്ന് ലാ വോസ് ഡി ഗലീസിയ പത്രം റിപ്പോര്‍ട് ചെയ്യുന്നു.
Most Read: ഹിജാബ് വിലക്ക്; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടന, വിമർശിച്ച് ഇന്ത്യ