തിരുവനന്തപുരം: കായംകുളം പുത്തൻറോഡ് യുപി സ്‌കൂളിലെ ഭക്ഷ്യവിഷ ബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. കായംകുളം പുത്തൻറോഡ് യുപി സ്‌കൂളിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്‌ഥ്യവും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്.
സ്‌കൂളിൽ നിന്ന് ചോറും സാമ്പാറും പയറുമായിരുന്നു കുട്ടികൾ കഴിച്ചത്. 20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാരോട് റിപ്പോർട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സിവിൽ സപ്ളൈസ് കോർപറേഷൻ നൽകിയ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതിനിടെ, കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായി. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യ വിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്‌ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Most Read: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ