ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മാർച്ച് 31 വ്യാഴാഴ്‌ച മുതൽ ഏപ്രിൽ ഏഴ് വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് ‘മെഹംഗായി മുക്‌ത് ഭാരത് അഭിയാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.
മാർച്ച് 31ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുൻപിലും പൊതുസ്‌ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാല ചാർത്തി പ്രതിഷേധിക്കും. വിലക്കയറ്റത്തിൽ ഒരു മാറ്റവുമില്ലെന്നും തീയതി മാത്രമാണ് മാറുന്നതെന്നും കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല ആരോപിച്ചു.
ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജാവ് കൊട്ടാരത്തിൽ തയ്യാറെടുക്കുകയാണെന്നും പ്രജകൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണെന്നും ആയിരുന്നു രാഹുലിന്റെ പരാമർശം.
തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ധിപ്പിച്ചിരുന്നു.
Most Read: ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം