മുംബൈ: രാജ്യത്ത് നിരന്തരം വർധിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇന്ധനവില ഉയരാൻ കാരണമെന്നാണ് ഗഡ്‌കരി പറയുന്നത്. യുദ്ധത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർന്നുവെന്നും ഇത് സർക്കാർ നിയന്ത്രണത്തിന് അപ്പുറമാണെന്നും ഗഡ്‌കരി പറയുന്നു.
‘ഇന്ത്യയിൽ, എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. റഷ്യ- യുക്രൈൻ യുദ്ധത്തിനിടയിൽ, അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്, അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’; ഗഡ്‌കരി പറഞ്ഞു. 2004 മുതൽ ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുന്നതിനുള്ള ഒരു പദ്ധതി താൻ തയ്യാറാക്കി വരികയാണ്. സ്വന്തമായി ഇന്ധനം ഉണ്ടാക്കേണ്ടത് അതിന്റെ ഒരു ഭാഗമാണ്. അതേസമയം തദ്ദേശീയ ഊർജ ഉൽപാദന ശേഷി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കണമെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെയാണ് കൂട്ടുന്നത്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്‌ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
Most Read: സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം