കാസർഗോഡ്: ജില്ലയിലെ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ സ്‌ഥാപിച്ച ഗാന്ധിശിൽപം പത്‌മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ വഴി നാടിന് സമർപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി വന്നിറങ്ങിയ സ്‌റ്റേഷൻ എന്ന നിലയിലാണ് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഗാന്ധിശിൽപം സ്‌ഥാപിച്ചത്.
നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കളക്‌ടീവാണ് (എൻആർഡിസി) ശിൽപ നിർമാണത്തിന് ചുക്കാൻ പിടിച്ചത്. ഒരു ലക്ഷം രൂപ ചെലവിലാണ് നിർമാണം. 5 അടി ഉയരമുള്ള തറയിൽ 3 അടി ഉയരത്തിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷനിലെ പാർക്കിങ് ഏരിയയോടു ചേർന്നുള്ള കൊടിമരത്തിനു സമീപമാണ് ശിൽപം സ്‌ഥാപിച്ചിരിക്കുന്നത്. വിദഗ്‌ധ ശിൽപി പ്രേം പി ലക്ഷ്‌മൺ കുഞ്ഞിമംഗലം, ഫൈബർ ഗ്ളാസിലാണ് ശിൽപമൊരുക്കിയത്. ശിൽപം സ്‌ഥാപിച്ച ചെങ്കൽ ചത്വരം നിർമിച്ചത് ക്ഷേത്രനിർമാണ കലകളിൽ അഗ്രഗണ്യനായ ചന്ദ്രൻ നീലേശ്വരമാണ്.
മംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ 1927 ഒക്‌ടോബർ 26നാണ് ഗാന്ധിജി നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയത്. പ്രസ്‌തുത ദിവസം, തന്നെ കാണാനെത്തിയ നീലേശ്വരം രാജാസ് സ്‌കൂൾ വിദ്യാർഥികൾക്ക് സ്വന്തം കൈപ്പടയിൽ ഗാന്ധിജി നൽകിയ സന്ദേശം ചത്വരത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്. സന്ദർശനത്തിന്റെ 94ആം വാർഷിക ദിനമായ ഒക്‌ടോബർ 26ന് കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെയാണ് ശിൽപ നിർമാണത്തിന് ശിലയിട്ടത്.
നീലേശ്വരത്തിന്റെ ചരിത്ര, സംസ്‌കാരങ്ങൾ അടയാളപ്പെടുത്തുന്ന ചുമർ ചിത്രവും എൻആർഡിസി റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കുന്നുണ്ട്. റെയിൽവേയുടെ അനുമതി കിട്ടിയ പദ്ധതി ഈ മാസം തുടങ്ങും. റെയിൽവേ സ്‌റ്റേഷനിലെ പാർക്കിങ് കേന്ദ്രം 8 ലക്ഷം രൂപ ചെലവിൽ അടുത്തിടെ എൻആർഡിസി നവീകരിച്ചിരുന്നു.
റെയിൽവേ സ്‌റ്റേഷനു സമീപം നടന്ന സമർപ്പണ ചടങ്ങിൽ, മുൻസിപ്പൽ ചെയർപേഴ്‌സൺ ടിവി ശാന്ത, എൻആർഡിസി മുഖ്യ രക്ഷാധികാരി പി മനോജ് കുമാർ, പദ്ധതിക്കു നേതൃത്വം നൽകിയ ഡോ. വി സുരേശൻ, പിവി സുജിത് കുമാർ, എൻ സദാശിവൻ, പിടി രാജേഷ് എന്നിവർ പങ്കെടുത്തു.
Knowledgeable: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം