കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മനസിലാക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ പ്രതികരിച്ചു. മാദ്ധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണുമെന്നും ഗവർണർ വ്യക്‌തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ അറിയിച്ചു. അതേസമയം, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്‌ഥാനത്തേക്ക് മുൻ ചീഫ് ജസ്‌റ്റിസ് മണികുമാറിന്റെ നിയമനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ല. അറിയിപ്പ് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തിൽ മകൾ വീണ വിജയനെ പൂർണമായും ന്യായീകരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയോടും മകളോടുമുള്ള വൈരാഗ്യം തീർക്കാൻ ഏതോ ഒരു ഉദ്യോഗസ്‌ഥൻ പറഞ്ഞുവെന്ന് പറയുന്ന ഒരു റിപ്പോർട്ടും വെച്ച് കുറച്ചു ദിവസമായി കളിക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. രണ്ടു കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്, വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്