കോഴിക്കോട്: സർവകലാശാലാ നിയമനങ്ങളിലെ അതൃപ്‌തി അറിയിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട് തന്നെയാണ് ജനങ്ങൾക്കുമുള്ളത്. ചാൻസലറുടെ അധികാരം സർക്കാരിന്റെ ഔദാര്യമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനും കമ്മ്യൂണിസ്‌റ്റുകാർക്കും ഇന്ത്യൻ ഭരണഘടനയോട് പുച്ഛമാണ്. എന്നാൽ ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. ഗവർണർക്ക് ബിജെപി പൂർണ പിന്തുണ നൽകും. സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രാഷ്‌ട്രീയ നിയമനങ്ങൾക്ക് എതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെ തുടർന്ന് സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്‌തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍.
തനിക്ക് ചാന്‍സലര്‍ സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
Read also: കേരളാ ഗവർണറുടെ നിരാശ തനിക്ക് മനസിലാകും; ശശി തരൂർ