ന്യൂഡെല്‍ഹി: ഗവര്‍ണര്‍ ആരീഫ് ഖാൻ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ തനിക്ക് മനസിലാകുമെന്നും തരൂർ പറഞ്ഞു.
”ഇത് ആശങ്കാജനകമായ സംഭവ വികാസങ്ങളാണ്. ആരിഫ് മുഹമ്മദ് ഖാന്‍ സാഹിബിന്റെ നിരാശ ഞാന്‍ പൂര്‍ണ്ണമായും മനസിലാക്കുന്നു. ദേശീയ തലത്തില്‍ രാഷ്‍ട്രപതിയെപ്പോലെ, സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഗവര്‍ണര്‍ക്കും ഒരു പ്രധാന ഉത്തരവാദിത്തമുണ്ട്,” തരൂര്‍ പറഞ്ഞു. ഇങ്ങനെ ഒതുക്കപ്പെടുന്നത് ഗവര്‍ണര്‍ എന്തിന് സഹിച്ചു നില്‍ക്കുന്നുവെന്നും തരൂര്‍ ചോദിച്ചു.
കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെ തുടർന്ന് സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്‌തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍.
ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും തനിക്ക് സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
Read also: തന്നെ നിയമിച്ചത് കേരളാ ഗവര്‍ണർ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍