തിരുവനന്തപുരം : കോവിഡ് ബാധിച്ചു മരിച്ച ഉറ്റവരുടെ മുഖം അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യ വകുപ്പ്. പൂര്‍ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും മരിച്ചവരുടെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം ഒരുക്കുക. കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് എസ്ഒപിയും ഡെഡ്‌ബോഡി മാനേജ്മെന്റും ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
മരിച്ചവരുടെ മുഖം കാണുന്നതിനായി ജീവനക്കാരന്‍ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് ബന്ധുക്കള്‍ക്ക് കാണിക്കും. കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹത്തില്‍ നിന്നും പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ മൃതദേഹത്തിന്റെ അടുത്ത് പോകാനോ സംസ്‌കാരം നടക്കുന്നിടത്ത് കൂട്ടം ചേര്‍ന്ന് നില്‍ക്കാനോ അനുവദിക്കില്ല. ഒപ്പം തന്നെ മൃതദേഹങ്ങള്‍ അടുത്ത് കാണാനോ, സ്‌പര്‍ശിക്കാനോ, കുളിപ്പിക്കുന്നതിനോ, ചുംബനം നല്‍കുന്നതിനോ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
മൃതദേഹത്തില്‍ നിന്നും നിശ്‌ചിത അകലം പാലിച്ചു കൊണ്ട് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനു അവസരം നല്‍കും. മൃതദേഹം സംസ്‌കരിക്കുമ്പോള്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 10 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും യാതൊരു വിധത്തിലുള്ള സമ്പര്‍ക്കവും ഉണ്ടാകാന്‍ അനുവദിക്കില്ല എന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ സംസ്‌കരിക്കുന്ന സ്‌ഥലത്തു വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നും അവര്‍ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ സംസ്‌കാരത്തില്‍ പങ്കെടുത്ത ആളുകള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും അനിവാര്യമാണെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
Read also : കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്