ന്യൂഡെൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഡെൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പടെ 168 വിമാനങ്ങൾ വൈകി. സർവീസുകൾ തുടങ്ങാൻ പത്ത് മണിക്കൂറിലേറെ നേരം കാത്തുനിൽകേണ്ടി വരുന്നതായാണ് യാത്രക്കാരുടെ ആക്ഷേപം. അതേസമയം, ഡെൽഹി വഴിയുള്ള 18 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
നെടുമ്പാശേരിയിൽ നിന്ന് ഡെൽഹിയിലേക്കുള്ള വിമാന സർവീസുകളും വൈകുകയാണ്. ഇന്ന് രാവിലെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുകയാണ്. ഡെൽഹിയിലേയും കൊൽക്കത്തയിലേയും മോശം കാലാവസ്‌ഥയാണ് സർവീസുകളെ ബാധിക്കുന്നതെന്ന് വിമാനക്കമ്പനികൾ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഡെൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതായി വിസ്‌താര എയർലൈൻസ് അറിയിച്ചിട്ടുണ്ട്. മൂടൽമഞ്ഞിനെ തുടർന്ന് ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായി തുടരുകയാണ്. ശരാശരി താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് മണിപ്പൂരിലേക്ക് തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്.
അതേസമയം, വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ യാത്രക്കാരൻ പൈലറ്റിനെ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഡെൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്‌ക്ക് 2.30നാണ് പുറപ്പെട്ടത്.
വിമാനം വൈകിയതിനെ തുടർന്ന് പുതുതായി ഡ്യൂട്ടിക്ക് കയറിയ പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ യാത്രക്കാരിൽ ഒരാൾ അവസാന നിരയിൽ നിന്ന് പെട്ടെന്ന് ഓടിവന്നു പൈലറ്റിനെ ഇടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Most Read| ‘ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനം; ഇന്ന് നാഗാലൻഡിൽ പ്രവേശിക്കും