കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരാകണമെന്നും കോടതി വ്യക്‌തമാക്കി. ശിവശങ്കറിനു വേണ്ടി സീനിയർ അഭിഭാഷകൻ പി. വിജയഭാനുവാണ് ഹാജരായത്. അതേസമയം, ഇതുവരെ ശിവശങ്കറിന്റെ അറസ്‌റ്റ് തീരുമാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇതുവരെ അറസ്‌റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
വലിയ അളവിൽ സ്വർണം കടത്തിയിട്ടുള്ള, ഗുരുതരമായ കേസാണിത്. സ്വാധീനമുള്ള ഒരുപാട് ആളുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നും ഇഡിക്കു വേണ്ടി അഭിഭാഷകൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. ആദ്യം കേസ് നവംബർ രണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും നേരത്തേ ആക്കണമെന്ന ഇഡി ആവശ്യം അംഗീകരിച്ച് ഒക്‌ടോബർ 23ലേക്ക് മാറ്റി.
National News: സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്
നേരത്തെ മുൻകൂർ ജാമ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്ന ശിവശങ്കർ, ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെ അടിയന്തിരമായി ഇഡിക്ക് മുന്നിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ അറസ്‌റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.