മലപ്പുറം: വിവിധ രാജ്യങ്ങളിലും സംസ്‌ഥാനങ്ങളിലും അതാത് ദേശത്തെ മാതൃഭാഷയിൽ ഉന്നത പഠനസൗകര്യമുള്ളതായും ഈ സൗകര്യം കേരളത്തിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്.
ഉന്നത ശാസ്‌ത്ര സാങ്കേതിക പഠനത്തിന് മാതൃഭാഷയിൽ സൗകര്യമൊരുക്കാൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നാണ് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടത്. നമ്മുടെ കുട്ടികൾ ഉന്നത പഠനരംഗത്ത് പിന്തള്ളപ്പെടുന്നതിന് ഭാഷാ പരിമിതി വലിയ കാരണം തന്നെയാണ്.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ഉൾപ്പടെയുള്ള രാജ്യതന്ത്രജ്‌ഞരും ഭൗതിക ശാസ്‌ത്രത്തിൽ നോബൽ സമ്മാനവും ഭാരതരത്‌നയും ലെനിൻ സമാധാന സമ്മാനവും നേടിയ ശാസ്‌ത്രപ്രതിഭ സിവിരാമൻ ഉൾപ്പടെ ഒട്ടനേകം വിദ്യാഭ്യാസ വിദഗ്‌ധരും ഈ വിഷയം മുൻകാലങ്ങളിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. സർക്കാർ ഈ വിഷയം ഗൗരവത്തിലെടുക്കണം – കേരള മുസ്‌ലിം ജമാഅത്ത് വിശദീകരിച്ചു.
ഉത്തരേന്ത്യ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ അവരുടെ മാതൃഭാഷയായ ഹിന്ദിയിൽ ഉന്നതപഠനം നടത്താം. അതവർക്ക് ഗുണവും ചെയ്യുന്നുണ്ട്. എന്നാൽ നമുക്കിപ്പോഴും ഈ സൗകര്യം ആയിട്ടില്ല. സാങ്കേതിക വാക്കുകൾ ഇംഗ്ളീഷിൽ തന്നെ ഉപയോഗിക്കുകയും മലയാള പരിഭാഷ ആവശ്യാനുസരണം നൽകുകയും ചെയ്‌താൽ മലയാള ഭാഷയുടെ സാധ്യതകൾ വികസിപ്പിക്കാനും പഠിതാക്കൾക്ക് മലയാളത്തിന്റെ പരിമിതിയെ സംബന്ധിച്ച തെറ്റിദ്ധാരണകൾ തിരുത്തി മുന്നേറാനും സാധിക്കും -മുസ്‌ലിം ജമാഅത്ത് വ്യക്‌തമാക്കി.
മാതൃഭാഷയോട് സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയണം. ഇതിനായി മലയാളഭാഷ ഉപയോഗപ്പെടുത്തി തന്നെ ജീവിതവിജയം നേടാൻ കഴിയുന്ന സാഹചര്യം ഭരണകൂടം സൃഷ്‌ടിക്കണം. എങ്കിലേ ഇന്ന് കാണുന്ന മലയാളത്തോടുള്ള അപകർഷതാബോധം ഇല്ലാതാക്കാൻ സാധിക്കു – സംഘടന പത്രകുറിപ്പിലൂടെ പറഞ്ഞു.
ഇംഗ്ളീഷ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളെയോ അത് മാദ്ധ്യമമായി സ്വീകരിക്കുന്ന സ്‌ഥാപനങ്ങളെയോ അധിക്ഷേപിക്കുന്ന ഭാഷാ തീവ്രവാദം ഗുണകരമാവില്ല. പകരം പാഠപുസ്‌തകങ്ങളിൽ അക്ഷരമാല അടിയന്തിരമായി പുനസ്‌ഥാപിക്കണം. ഭരണഭാഷ മലയാളമെന്ന ബോർഡ് വെച്ച് ആശ്വാസം കൊള്ളുന്നതിനപ്പുറം കോടതികളിൽ ഉൾപ്പടെ പ്രയോഗിക തലത്തിൽ മലയാളഭാഷ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂര്‍, എംഎന്‍ കുഞ്ഞഹമദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി മോങ്ങം,പിഎസ്‌കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ വേങ്ങര എന്നിവർ ജില്ലാകമ്മിറ്റിയിൽ സംബന്ധിച്ചു.
Most Read: എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?