തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പുമായി ഐഎംഎ അടക്കമുള്ള സംഘടനകൾ. കുട്ടികൾക്ക് മേൽ അശാസ്‌ത്രീയമായ ചികിൽസാരീതികൾ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്‌ചയാണെന്ന വിമർശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്‌സും രംഗത്തെത്തി.
ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിൽസാരീതി കുട്ടികളിൽ പരീക്ഷിക്കുന്നത് കടുത്ത ഗുരുതരാവസ്‌ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎ തുറന്നടിക്കുന്നത്. ഡബ്ള്യുഎച്ച്ഒയും, ഐസിഎംആറും നിർദ്ദേശിച്ചിട്ടില്ലാത്ത മരുന്ന് എന്തിന് കുട്ടികൾക്ക് നൽകുന്നുവെന്നും ഐഎംഎ ചോദിക്കുന്നു.
കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മരുന്ന് വിതരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്‌സ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. എന്നാല്‍ കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ആഴ്‌സനിക് ആൽബം നൽകുന്നതെന്നും ഐഎംഎ വെല്ലുവിളിക്കുന്നത് സർക്കാരിനെ ആണെന്നുമാണ് ഹോമിയോ ഡോക്‌ടർമാരുടെ നിലപാട്.
ഫലപ്രാപ്‌തി ചികിൽസിച്ച് തെളിയിക്കാമെന്നും വെല്ലുവിളിയുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയിൽ സംസ്‌ഥാനത്തും കോവിഡിന് ഹോമിയോ ചികിൽസക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് വിജയമാണെന്നാണ് ഹോമിയോപ്പതി മേഖല അവകാശപ്പെടുന്നത്. എന്നാൽ വിഷയത്തിൽ സുപ്രീം കോടതിയിൽ നിയമപോരാട്ടം തുടരുമെന്ന് ഐഎംഎയും, നേരിടുമെന്ന് ഹോമിയോപ്പതി ഡോക്‌ടർമാരും നിലപാടെടുക്കുന്നതോടെ ഭിന്നത രൂക്ഷമാവുകയാണ്.
Read Also: ബ്രിട്ടീഷ് പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; തിരിച്ചടിച്ച് ഇന്ത്യ