കോവിഡിന് ഇടയിൽ വെല്ലുവിളി ഉയർത്തി എലിപ്പനി; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Staff Reporter, Malabar News
leptospirosis-how to prevent
Representational Image
Ajwa Travels

ലോകത്തെയാകെ വരിഞ്ഞുമുറുക്കിയ കോവിഡ് മഹാമാരിക്കിടെ എലിപ്പനിയും വ്യാപിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പലയിടങ്ങളിൽ എലിപ്പനി ബാധയെക്കുറിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട് എന്നതിനാൽ തന്നെ രോഗവ്യാപനത്തെ ചെറുക്കേണ്ടത് അനിവാര്യമാണ്.

മഴ ശക്‌തിപ്രാപിച്ചു വരുന്ന ഈ കാലത്ത് എലിപ്പനിയെ വളരെയധികം ശ്രദ്ധിക്കണം. മലിനമായ ഇടങ്ങളാണ് എലിപ്പനിയുടെ ഉറവിടങ്ങളാകുന്നത് എന്ന കാര്യം മറക്കരുത്. താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എലിപ്പനിയെ പ്രതിരോധിക്കാൻ സാധിക്കും.

എന്താണ് എലിപ്പനി? രോഗം പടരുന്നതെങ്ങനെ?

ലെപ്റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട ബാക്‌ടീരിയയാണ് എലിപ്പനിക്ക് കാരണം. അതിനാൽ ലെപ്റ്റോസ്‌പൈറോസിസ് എന്നാണ് എലിപ്പനി ശാസ്‍ത്രീയമായി അറിയപ്പെടുന്നത്.

എലി, പശു, ആട്, പന്നി, കുതിര, നായ മുതലായ മൃഗങ്ങളുടെ മൂത്രത്തിലൂടെ ഈ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരുന്നു. ഇത്തരത്തിൽ രോഗാണുക്കൾ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ചവിട്ടി നടക്കുമ്പോൾ ഈ രോഗാണുക്കൾ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്‌ളേഷ്‌മസ്‌തരം വഴിയോ ശരീരത്തിൽ പ്രവേശിക്കുന്നു.

leptospirosis

കൂടാതെ ചൊറിച്ചിൽ മൂലമോ മറ്റോ ചർമത്തിൽ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. വലിയ മുറിവുകൾ വേണമെന്നില്ല. രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. സാധാരണയായി എലിപ്പനി പടർന്നുപിടിക്കുന്നത് പ്രളയ കാലം പോലെ ശുദ്ധജലം ലഭിക്കാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ്.

അതേസമയം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എലിപ്പനി പകരാറില്ല. എന്നാൽ മലിനമായ മണ്ണും വെള്ളവും നമുക്ക് ചുറ്റുമുണ്ടെങ്കിൽ നാം എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

രോഗബാധ ഉണ്ടായാൽ രണ്ട് മുതൽ നാലുദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

  • വിറയലോടെയുള്ള പനി
  • ശക്‌തമായ പേശീവേദന
  • തലവേദന
  • കണ്ണുചുവപ്പ്
  • മൂത്രത്തിന് മഞ്ഞനിറം

ശരീരവേദനയും കണ്ണിന്റെ വെള്ളഭാഗത്തിന് ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാൽ അത് ഗുരുതരമായി മാറും.

എലിപ്പനിക്ക് രണ്ട് ഘട്ടങ്ങൾ

എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. പനി, വിറയൽ, തലവേദന, പേശീവേദന, ഛർദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ടത്തിൽ കാണുക. ഈ ഘട്ടത്തിൽ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.

രണ്ടാം ഘട്ടത്തിൽ രോഗം കൂടുതൽ ഗുരുതരമാകും. ഈ സമയത്ത് രോഗിയുടെ വൃക്കകൾ, കരൾ എന്നിവ തകരാറിലാകാനിടയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിനും സാധ്യതയുണ്ട്. രോഗം ഏതാനും ദിവസം മുതൽ മൂന്നാഴ്‌ചയോളം നീണ്ടു നിൽക്കാം. കൃത്യമായ ചികിൽസ ലഭിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം നില ഗുരുതരമാകാം.

പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ, മദ്യപിക്കുന്നവർ, ചികിൽസ ആരംഭിക്കാൻ വൈകുന്നവർ മുതലായവരിൽ രോഗം ഗുരുതരമാകാനിടയുണ്ട്. ഇത്തരം രോഗികളിൽ കരൾ, വൃക്ക, ഹൃദയം(മയോകാർഡൈറ്റിസ്), ശ്വാസകോശം എന്നിവയുടെ പ്രവർത്തനം താറുമാറാകാനും ഇടയുണ്ട്. ഈ ഘട്ടത്തിൽ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകേണ്ടി വരും. അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.

കർഷകർ, അഴുക്കുചാൽ പണികൾ ചെയ്യുന്നവർ, അറവുശാലകളിലെ ജോലിക്കാർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, മീൻപിടുത്തക്കാർ തുടങ്ങിയവർക്കാണ് രോഗസാധ്യത കൂടുതൽ. മലിനമായ നദികൾ, തടാകങ്ങൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയ ഇടങ്ങളിൽ നീന്തുന്നവരും മറ്റും ഈ രോഗത്തെ ശ്രദ്ധിക്കണം.

രോഗനിർണയം എങ്ങനെ?

രക്‌തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. സ്‌ഥിരീകരണത്തിനായി കാർഡ് ടെസ്‌റ്റ്, എലിസ ടെസ്‌റ്റ് എന്നിവ ചെയ്യാം.

ചികിൽസ

രോഗം തിരിച്ചറിഞ്ഞാലുടൻ ചികിൽസ ആരംഭിക്കണം. പ്രധാനമായും ഡോക്‌സിസൈക്ളിൻ, പെൻസിലിൻ പോലെയുള്ള ആന്റി ബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിൽസയാണ് നൽകുക. ഗുരുതരാവസ്‌ഥയിൽ ആണെങ്കിൽ രോഗിക്ക് ഞരമ്പിലൂടെ ആന്റിബയോട്ടിക്കുകൾ നൽകേണ്ടതുണ്ട്. അതേസമയം എലിപ്പനിയെ പ്രതിരോധിക്കാൻ വാക്‌സിൻ ഇല്ല.

എലിപ്പനിയെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

  • വ്യക്‌തിശുചിത്വം പാലിക്കുക.
  • പരിസരം വൃത്തിയായി സൂക്ഷിക്കുക. അഴുക്കും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നത് ഒഴിവാക്കി യഥാസമയം സംസ്‌കരിക്കുക.
  • കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • മലിനമായ മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവർ ശരീരം മറക്കുന്ന വസ്‍ത്രങ്ങളും ബൂട്ട് പോലെയുള്ള ചെരിപ്പുകളും ധരിക്കുക.
  • രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് ബന്ധം പുലർത്താതിരിക്കുക.
  • ചെളിവെള്ളവുമായും മറ്റും ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ആഴ്‌ചയിൽ ഒരു ദിവസം എന്ന തോതിൽ ആറാഴ്‌ചത്തേക്ക് 200 മില്ലിഗ്രാം ഡോക്‌സിസൈക്ളിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കാം. പരമാവധി എട്ടാഴ്‌ച കഴിച്ചാൽ മതിയാകും.

leptospirosis

ലക്ഷണങ്ങളിലെ സാമ്യം മൂലം എലിപ്പനിയെ ഡെങ്കിപ്പനിയോ മഞ്ഞപ്പിത്തമോ ആയി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതിനാൽ രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. പനിയല്ലേ എന്ന് കരുതി പനി ഗുളികകളും മറ്റും സ്വന്തം ഇഷ്‌ടപ്രകാരം വാങ്ങിക്കഴിക്കരുത്.

Most Read: കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE