ഗാസ: ഇസ്രയേൽ തടവിലുള്ള മുഴുവൻ പലസ്‌തീൻകാരേയും വിട്ടയച്ചാൽ, ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേൽ സൈനികരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസെം നയിം. ഗാസയിലെ വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ് നേതാവും മുൻ ആരോഗ്യമന്ത്രിയുമായ ബാസെം നയിമിന്റെ പ്രസ്‌താവന.
സ്‌ഥിരമായി വെടിനിർത്തലിലേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും നയിം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് നയിമിന്റെ പ്രസ്‌താവന. ആറു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതോടെ ഗാസയിൽ സമാധാനം നിലനിർത്താനായി മധ്യസ്‌ഥ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. കരാറിന്റെ ഭാഗമായി സ്‌ത്രീകളും കുട്ടികളുമടക്കം 70 ബന്ദികളെയാണ് ഹമാസ് ഇന്നലെ വരെ മോചിപ്പിച്ചത്.
210 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്‌ത്രീകളേയും കുട്ടികളെയും ഹമാസ് വിട്ടയക്കുമെങ്കിൽ വെടിനിർത്തൽ നീട്ടാമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, ഇസ്രയേലി സൈനികർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഇവരെ പ്രധാന വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണ് ഹമാസ്. അതിനിടെ, ബന്ദികളിലെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നാല് വയസുള്ള സഹോദരനും അവരുടെ അമ്മയും ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ബന്ദികളാക്കിയ സ്ത്രീകളേയും കുട്ടികളെയും വിട്ടയച്ചപ്പോൾ ഈ മൂന്ന് പേരും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് മൂന്ന് പേരും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്‌തമാക്കിയത്. ഇസ്രയേൽ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് അറിയിക്കുന്നത്. എന്നാൽ, ഇതിന്റെ നിജസ്‌ഥിതിയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ അറിയിച്ചു.
വെടിനിർത്തൽ നീട്ടാൻ ഇരുപക്ഷവും സന്നദ്ധമാണെന്നാണ് സൂചനയെങ്കിലും ധാരണയായിട്ടില്ല. ഖത്തർ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ മധ്യസ്‌ഥത വഹിക്കുന്ന ദോഹയിലെ ചർച്ചയിൽ കഴിഞ്ഞ ദിവസം മൊസാദ്, സിഐഎ മേധാവിമാരും പങ്കെടുത്തിരുന്നു. വെടിനിർത്തൽ ഇടവേള ആവസാനിച്ചാലുടൻ ഇസ്രയേൽ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്.
Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശ