ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്‌തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷനിൽ നിന്നെടുത്ത വായ്‌പ കുടിശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ചുസെന്റ് സ്‌ഥലവും വീടും ജപ്‌തി ചെയ്യുമെന്ന് അറിയിച്ചാണ് നോട്ടീസ്.
രണ്ടുമാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കർഷകൻ കെജി പ്രസാദ് ആത്‍മഹത്യ ചെയ്‌തത്. കൃഷി ഇറക്കാൻ ബാങ്കിൽ നിന്ന് വായ്‌പ ലഭിക്കാത്തതിന്റെ തുടർന്നായിരുന്നു കഴിഞ്ഞ നവംബർ 11ന് പ്രസാദ് ജീവനോടുക്കിയത്. പ്രസാദ് മരിച്ചതോടെ കുടുംബം തീർത്തും അനാഥമായി. ചില ബന്ധുക്കളുടെ സഹായത്താലാണ് കുടുംബം കഴിയുന്നത്. ഭാര്യ ഓമനയും വിദ്യാർഥിയായ മകൻ അധിനിക്കും മകൾ അധീനയും മാത്രമാണ് വീട്ടിൽ താമസം.
സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്‌ദാനങ്ങളുമായി മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും എത്തിയിരുന്നു. എന്നാൽ, വാഗ്‌ദാനങ്ങൾ വാക്കുകളിൽ ഒതുങ്ങി. രണ്ടുമാസത്തിനുള്ളിൽ പ്രസാദിന്റെ വീട്ടുകാരെ തേടി ജപ്‌തി നോട്ടീസുമെത്തി. പ്രസാദിന്റെ ഭാര്യ പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 2022 ഓഗസ്‌റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്‌പ എടുത്തിരുന്നു.
15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്‌തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്‌പ ലഭിക്കാത്തതിനെ തുടർന്നാണ് പ്രസാദ് കീടനാശിനി കഴിച്ചു ജീവനൊടുക്കിയത്.
Most Read| കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തും