തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്‌സസ് ഉൾപ്പടെ യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്ക് പണിമുടക്കും. നഴ്‌സിനെ അക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിഷയത്തിൽ ഒരാഴ്‌ച മുൻപ് കളക്‌ടറുമായി യുഎൻഎ ചർച്ച നടത്തിയിരുന്നു.
എന്നാൽ, ചർച്ച നടത്തി ഒരാഴ്‌ച കഴിഞ്ഞിട്ടും കളക്‌ടർ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് ഇന്ന് മുതൽ അനിശ്‌ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പടെ പണിമുടക്കും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികൾ ചികിൽസയിൽ ഉണ്ടെന്നാണ് നിഗമനം. സമരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും.
കൈപ്പറമ്പ് നൈൽ സ്വകാര്യ ആശുപത്രി എംഡി ഡോ. വിആർ അലോകിനെതിരെയാണ് നഴ്‌സുമാരുടെ പരാതി ഉയർന്നത്. ഇതേ ആശുപത്രിയിലെ നഴ്‌സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്‍മി, സംഗീത എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. ലേബർ ഓഫീസിൽ വെച്ച് എംഡി, ഏഴ് മാസം ഗർഭിണിയായ യുവതിയടക്കം ആറ് നഴ്‌സുമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
നഴ്‌സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിന് പിന്നാലെ ആറ് നഴ്‌സുമാരെ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ നഴ്‌സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫീസർ ചർച്ചക്ക് വിളിച്ചു. എന്നാൽ, ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് ആശുപത്രി എംഡി കടുംപിടിത്തം പിടിച്ചതോടെ ചർച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്‌സുമാർ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്‌തനായതെന്നാണ് പരാതിയിൽ പറയുന്നത്.
Most Read| മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്