ന്യൂഡെൽഹി: മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. അവിശ്വാസ പ്രമേയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയ് തന്നെയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. രണ്ടു ദിവസമാണ് പാർലമെന്റിൽ പ്രമേയത്തിൽ ചർച്ച നടന്നത്.
ഇന്നലെ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. മണിപ്പുർ സന്ദർശനത്തെ കുറിച്ചും ഭാരത് ജോഡോ യാത്രയെ കുറിച്ചും വൈകാരികമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുൽ, മണിപ്പൂരിൽ കേന്ദ്ര സർക്കാർ കൊലപ്പെടുത്തിയ ഭാരത മാതാവിനെയാണെന്ന് രൂക്ഷമായി വിമർശിച്ചു.
ഇതിന് മറുപടിയായി അമിത് ഷായും തിരിച്ചടിച്ചിരുന്നു. മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് മോശമാണെന്ന് അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തേക്കാൾ ദുഃഖം സർക്കാരിനുണ്ടെന്നും രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്‌ട്രീയ നാടകമായിരുന്നുവെന്നും അമിത് ഷാ വിമർശിച്ചു. ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമാണ്. മോദി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| എഐ ക്യാമറ അഴിമതി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും