മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം.
ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മൽസരം റദ്ദാക്കിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചതോടെ ടെസ്‌റ്റിന്റെ നടത്തിപ്പ് ആശങ്കയിലായിരുന്നു. ഇന്ത്യയുടെ അസിസ്‌റ്റന്റ് ഫിസിയോ തെറാപ്പിസ്‌റ്റ് യോഗേഷ് പർമാറിന് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
എന്നാൽ മൽസരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മൽസരം നടക്കുമെന്ന് ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും അറിയിക്കുകയും ചെയ്‌തു. പിന്നീട് താരങ്ങൾ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്‌റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്‍ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവർക്കും രോഗം സ്‌ഥിരീകരിച്ചു.
Most Read: മഞ്‌ജുവിന് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി ‘ആയിഷ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ