ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്ക് മാത്രമേ സർവീസുകൾ പുനഃരാരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുമെന്നാണ് സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നത്.
കോവിഡ് കൂടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ നിർത്തിവച്ച സർവീസുകൾക്ക് ഈ മാസം 30 വരെയാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം കോവിഡ് കേസുകൾ വീണ്ടും തലപൊക്കിയ 14 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിലവിലുള്ള എയർ ബബിൾ കരാർ പ്രകാരം തുടർന്നേക്കും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും, പുതിയ കോവിഡ് വകഭേദങ്ങൾ റിപ്പോർട് ചെയ്‌ത രാജ്യങ്ങളും ഇതിൽ ഉൾപ്പെടും.
വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്‌ഥാനത്തിലുള്ള വിമാനങ്ങൾ, വിദേശ ചരക്കു വിമാനങ്ങൾ, വന്ദേ ഭാരത് സർവീസുകൾ, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് വിമാനങ്ങൾ എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.
Read also: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ