മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; വിജിലൻസ് പരിശോധന ഇന്നും തുടരും

കഴിഞ്ഞ ദിവസം കളക്റ്ററേറ്റുകളിൽ വിജിലൻസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഉദ്യോഗസ്‌ഥരുടെയും ഇടനിലക്കാരുടയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തൽ

By Trainee Reporter, Malabar News
Irregularity in Chief Minister's Relief Fund
Rep. Image
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന ഇന്നും തുടരും. പരിശോധന വ്യാപകമാക്കാനാണ് വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്‌തിയും നൽകിയിട്ടുള്ള മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉൾപ്പടെ വിശദമായി പരിശോധിക്കണം.

പണം കൈപ്പറ്റിയവർ അർഹയരായവർ ആണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്‌ഥരുടെ ക്രമക്കേട് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം വ്യക്‌തമാക്കുന്നത്‌. ഓരോ ജില്ലയിലും എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കളക്റ്ററേറ്റ് രേഖകൾ പരിശോധിക്കും.

കഴിഞ്ഞ ദിവസം കളക്റ്ററേറ്റുകളിൽ വിജിലൻസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഉദ്യോഗസ്‌ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ സമ്പന്നരായ രണ്ടു വിദേശ മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിച്ചു. ഇവരിൽ ഒരാൾക്ക് രണ്ടു ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയിൽ നഴ്‌സാണ്.

രണ്ടുലക്ഷം വരുമാന പരിധിയുള്ളവർക്കാണ് സഹായം അനുവദിച്ചിരിക്കുന്നത്. കൂടാതെ, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗിയായ ഒരാൾക്ക് ചികിൽസാ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിലാണ്‌. പുനലൂർ താലൂക്കിലെ ഒരു ഡോക്‌ടറുടെ മാത്രം 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളും കണ്ടെത്തി.

കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ പേരിൽ രണ്ടുഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം വാങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. എന്നാൽ, ഹാജരാക്കിയത് എല്ലുരോഗ വിദഗ്‌ധൻ നൽകിയ സർട്ടിഫിക്കറ്റാണ്. കോട്ടയത്തും ഇടുക്കിയിലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടിയിട്ടുണ്ടെന്നും കണ്ടെത്തി.

പണം കൈക്കലാക്കാൻ സംസ്‌ഥാനത്തുടനീളം ഡോക്‌ടർമാരും ഇടനിലക്കാരും ഏജന്റുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ ഉണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്‌ഥ ഒത്താശയോടെ അസുഖം ഇല്ലാത്തവരുടെ പേരിൽ പണം തട്ടുന്നതാണ് ഒരു രീതി. എന്നാൽ, അർഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ, ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നൽകിയാണ് പണം തട്ടുന്നത്.

Most Read: സുബി സുരേഷിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE