യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനാലാണ് എന്ന് കെസി വേണുഗോപാൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി മാറുന്നതു കൊണ്ട്മാത്രം കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും തൊലിപ്പുറത്തെ ചികിൽസയല്ല വേണ്ടതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

‘ഒരു മുഖ്യമന്ത്രി മാറുന്നതുകൊണ്ട് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ മാറാന്‍ പോകുന്നില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുകളടക്കം കര്‍ണാടക കഴിഞ്ഞ കുറെ നാളുകളായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളുണ്ട്. ഇതൊക്കെ പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന് ഇദ്ദേഹത്തെ വെച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതാണ്. കര്‍ണാടക സര്‍ക്കാരിനകത്തുള്ള പ്രശ്‌നങ്ങള്‍ ഇനിയും പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളു’- കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി

കോണ്‍ഗ്രസ് കര്‍ണാടകയില്‍ ശക്‌തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുതിരക്കച്ചവടം നടത്തിയാണ് ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ധാര്‍മികതയില്ലാത്ത ഒരു സര്‍ക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കുന്നത്. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സഭയിൽ വികാരാധീനനായാണ് അദ്ദേഹം സ്വയം രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. കൂടാതെ ഇന്ന് ഉച്ചക്ക് ശേഷം ഗവർണറെ കണ്ട് രാജികത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാൻ സാധിക്കില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാജി വെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികൾ മുന്നോട്ട് വച്ചതായും സൂചനകൾ ഉണ്ട്. യെദിയൂരപ്പയ്‌ക്ക് പകരം കേന്ദ്രമന്ത്രി പ്രൽഹാദ്‌ ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് കർണാടക മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സജീവ പരിഗണനയിലുള്ളത്.

2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമാണ് മുഖ്യമന്ത്രിയായി തുടർന്നത്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ടൂറിസം മന്ത്രി സിപി യോഗേശ്വര്‍, എംഎല്‍സി എഎച്ച് വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദിയൂരപ്പയ്‌ക്ക് എതിരെ പ്രസ്‌താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ സംസ്‌ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ ലിംഗായത്ത് സമൂഹത്തിന്റെ ഉറച്ച പിന്തുണയാണ് ഇതുവരെ മുഖ്യമന്ത്രിയെ തുണച്ചത്.

Read also: പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE