കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി

By News Desk, Malabar News
KIIFB; CAG says govt receives final report
Ajwa Travels

തിരുവനന്തപുരം: കിഫ്ബി കുരുക്ക് കൂടുതൽ മുറുകുന്നു. സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന വെളിപ്പെടുത്തലുമായി സിഎജി രംഗത്ത്. ഇതോടെ ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദം വിവാദമാകുന്നു.

കിഫ്‌ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് മെയ് 5ന് സർക്കാരിന് നൽകുകയും നവംബർ 6ന് അന്തിമ റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്‌തതായി സിഎജി വ്യക്‌തമാക്കി. ഇതിന് ശേഷവും ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന് മന്ത്രി ആവർത്തിക്കുകയും സിഎജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു.

ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌ത്‌ മസാല ബോണ്ട് വഴി പണം സ്വരൂപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സിഎജിയുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിഎജിയുടെ സമീപനമെന്ന് തോമസ് ഐസക്ക് ആരോപിച്ചിരുന്നു.

ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവർക്ക് കൈമാറണം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്‌മകത സൂക്ഷിക്കണമെന്നാണ് ചട്ടം. ധനമന്ത്രി വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2018 മുതൽ 2019 വരെയുള്ള സംസ്‌ഥാന സർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്‌ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി സിഎജി വാർത്താക്കുറിപ്പ് ഇറക്കിയതായി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

Also Read: ‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി

എന്നാൽ, അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി സിഎജി പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്. ഇതുസംബന്ധിച്ച വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിൽ ധനമന്ത്രിയുടെ ഓഫീസ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE