വയനാട്: കോവിഡ് മൂന്നാം തരംഗം നേരിടാൻ ജില്ല തയ്യാറായതായി ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്‌ഥാപങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും.
അതേസമയം, ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ച് കൂടുതൽ രോഗികളെ ഉൾക്കൊള്ളാനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. രോഗികളുടെ എണ്ണം പരമാവധി കുറയ്‌ക്കുക, പരമാവധി പേർക്ക് വാക്‌സിൻ നൽകുക എന്നിവയ്‌ക്ക് മുൻഗണന നൽകും. നിലവിൽ മെഗാ വാക്‌സിനേഷൻ ഡ്രൈവിലൂടെ 18 വയസിന് മുകളിലുള്ള 6,15,729 പേർക്ക് ആദ്യഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.
2,13,277 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഊർജിത വാക്‌സിനേഷൻ യജ്‌ഞം തുടരും. കുട്ടികൾക്ക് പീഡിയാട്രിക് ഐസിയു സൗകര്യങ്ങൾ വിപുലമാക്കും. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും പിഎച്ച്സികളും ഓക്‌സിജൻ സിലിണ്ടറുകളുടെ എണ്ണം വർധിപ്പിച്ചു. കൂടാതെ, 12 കോവിഡ് ആശുപത്രികളിലായി 1,069 ബെഡുകൾ കോവിഡ് രോഗികൾക്കായി സജ്‌ജീകരിച്ചിട്ടുണ്ട്.
24 പോർട്ടബിൾ വെന്റിലേറ്ററുകൾ നേരത്തെ ജില്ലയിലെത്തിയിരുന്നു. ഇതിൽ 19 എണ്ണം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ച് എണ്ണം ബത്തേരിയിലും സജ്‌ജീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 116 ഐസിയു ബെഡുകളും കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Read Also: കാഞ്ഞങ്ങാട് ഹണിട്രാപ്പ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ