ന്യൂഡെൽഹി: കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന കേരളത്തിലെ നിലവിലെ കോൺഗ്രസ് നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുക്കണം. പുനഃസംഘടന തുടരുന്നുണ്ടോ എന്നതിൽ എഐസിസി വ്യക്‌തത വരുത്തണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നും ആയിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്. കെസി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ ചാണ്ടിക്ക് പരാതിയുണ്ട്.
ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്‌ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെസി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും പരാതികളുണ്ട്. പാര്‍ട്ടി പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആരോപണം രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.
ഇതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിന് പരാതികൾ ലഭിച്ചു. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുനഃസംഘടനക്ക് എതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.
അതേസമയം, കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനഃസംഘടനയില്‍ ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ട്. അത് പരിഹരിക്കുന്നതിനായി സംസ്‌ഥാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും താരിഖ് അൻവർ വ്യക്‌തമാക്കിയിരുന്നു.
Most Read: വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ