കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?

By Banu Isahak, Official Reporter
  • Follow author on
Ajwa Travels

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുഖ്യാതിഥി തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആണെങ്കിലും രാഷ്‌ട്രീയ കേരളത്തിലെ കണ്ണുകൾ നീളുന്നത് കെവി തോമസിലേക്കാണ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ കെവി തോമസിനെതിരെ കരുക്കൾ നീക്കുകയാണ് സംസ്‌ഥാന നേതൃത്വം.

അച്ചടക്ക നടപടിയെന്ന വാളോങ്ങി നേതൃത്വം നിലപാടിലുറച്ച് നിൽക്കുമ്പോഴും സെമിനാറിൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകാതെ കണ്ണൂരിലെത്തി സമ്മേളനവേദിയിലേക്ക് പോകാൻ കാത്തിരിക്കുകയാണ് കെവി തോമസ്.

പാർട്ടി വിലക്ക് ലംഘിച്ച് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കെവി തോമസിന് വൻ സ്വീകരണമാണ് സിപിഎം ഒരുക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും നൂറ് കണക്കിന് പ്രവർത്തകരും കെവി തോമസിനെ ആനയിക്കാൻ എത്തി. എംവി ജയരാജൻ ചുവന്ന ഷാൾ അണിയിച്ചാണ് കെവി തോമസിനെ സ്വീകരിച്ചത്.

സിപിഎമ്മിന്റെ അതിരുകവിഞ്ഞ ആഹ്‌ളാദ പ്രകടനങ്ങൾ മറ്റൊരു ചർച്ചക്കും വഴിവെച്ചിട്ടുണ്ട്. കോൺഗ്രസടക്കം സംശയ ദൃഷ്‌ടിയോടെ നോക്കുന്നത് തൃക്കാക്കര നിയോജക മണ്ഡലത്തിലേക്കാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവും എംഎൽഎയുമായിരുന്ന പിടി തോമസ് അന്തരിച്ചതിന് ശേഷം ഒഴിവുവന്ന എറണാകുളം തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കെവി തോമസിനെ തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി രാഷ്‌ട്രീയ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. കൊടുക്കൽ വാങ്ങലുകളെല്ലാം കണക്കുകൂട്ടിയാണ് സിപിഎം കെവി തോമസിന് കൈകൊടുത്തിരിക്കുന്നതെന്നും രാഷ്‌ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തിരിഞ്ഞുനോട്ടത്തിന് ഒരവസരം പോലും കൊടുക്കാതെയാണ് കെവി തോമസ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത് എന്നതും ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചതും നേതൃത്വത്തെ വകവെക്കാതെ യൂത്ത് കോൺഗ്രസിനെതിരായ അമർഷം തുറന്നടിച്ചതും അതുകൊണ്ട് തന്നെ.

KV_Thomas

നേതൃത്വത്തെ തള്ളി സെമിനാറിനെത്തുന്ന കോൺഗ്രസ് നേതാവിന് മാന്യമായ ഒരു അധികാര സ്‌ഥാനം വെച്ച് നീട്ടുന്നതിലൂടെ ആടി നിൽക്കുന്ന സഭാ നേതൃത്വത്തിലേക്കൊരു പാലമാണ് സിപിഎമ്മിന്റെ ലക്ഷ്യം. കൊച്ചിൻ രാഷ്‌ട്രീയം ഇപ്പോഴും സിപിഎമ്മിന് പിടികിട്ടാത്ത ഒന്നാണ്. ലത്തീൻ സാമുദായിക വോട്ടുകൾ നിർണായകമായ ജില്ലയിൽ കെവി തോമസിനെ മുന്നിൽ നിർത്തുന്നത് സിപിഎമ്മിന് നേട്ടം തന്നെയെന്ന കാര്യത്തിൽ തർക്കമില്ല. പാർട്ടിക്കും ലത്തീൻ സഭക്കുമിടയിലെ പാലമാകും കെവി തോമസ്.

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കില്ല എന്ന് ആവർത്തിക്കുമ്പോഴും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെവി തോമസിനെ സഹയാത്രികനാക്കണമെന്ന ചെറുതല്ലാത്ത മോഹം സിപിഎമ്മിനുണ്ട് എന്നാണ് കണ്ണൂരിലെ ആവേശവും ആരവങ്ങളും വിരൽ ചൂണ്ടുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ 78ആം വയസിൽ തൃക്കാക്കരയിൽ സിപിഎം സ്വതന്ത്രനായി കെവി തോമസ് എത്തുമോ എന്നത് കണ്ടറിയണം. കേരളത്തിൽ സുധാകരനും സതീശനും ഡെൽഹിയിൽ രാഹുൽ ഗാന്ധിയും നയിക്കുന്ന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ തനിക്കൊരു ഇടമില്ലെന്ന തിരിച്ചറിവ് കൂടിയാണ് കെവി തോമസിന്റെ സിപിഎം താവളത്തിലേക്കുള്ള യാത്രയെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

kv thomas in cpm party congress seminar

എങ്കിലും, സോണിയയുടെ വിശ്വസ്‌തനായ മുതിർന്ന നേതാവിനെ അനുനയിപ്പിക്കാൻ ഒരു വാക്ക് കൊണ്ടുപോലും കോൺഗ്രസ് സംസ്‌ഥാന നേതൃത്വം ശ്രമിക്കുന്നില്ല. മറിച്ച് എന്ത് നടപടിയെടുക്കുമെന്ന് ആശയ കുഴപ്പത്തിലാണ് പാർട്ടി. കെവി തോമസ് പ്രസംഗിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സാന്നിധ്യവും കണ്ണൂരിലുണ്ട്. കെവി തോമസിന്റെ പ്രസംഗത്തിന്റെ തീവ്രത അളന്നിട്ട് വേണം നടപടിയുടെ കാഠിന്യം സുധാകരന് തീരുമാനിക്കാൻ. സിപിഎം സെമിനാറിൽ പങ്കെടുത്താൽ ഉടൻ നടപടി എന്നതിൽ നിന്ന് പ്രസംഗത്തിന് ശേഷം നടപടി എന്നതിലേക്ക് കോൺഗ്രസ് നേതൃത്വത്തെ എത്തിച്ചത് മറ്റൊന്നാണ്.

താൻ സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസുകാരനായി തന്നെയാകുമെന്നും പ്രസംഗിക്കുന്നത് കോൺഗ്രസ് ആശയങ്ങളാണെന്നും കെവി തോമസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. അച്ചടക്ക നടപടിയെടുത്താലും കോൺഗ്രസുകാരനായി തുടരും. ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. സെമിനാറിൽ പങ്കെടുത്ത് കെവി തോമസ് സിപിഎം- ബിജെപി ആശയങ്ങളെ വിമർശിച്ചാൽ വെട്ടിലാകുമെന്ന തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തിനുണ്ടായി. അതിനാൽ പ്രസംഗം കഴിയാൻ കാത്തിരിക്കുകയാണ് നേതൃത്വം.

kv thomas in cpm party congress seminar

ഇതിനിടെ തോമസിന് വീരപരിവേഷം നൽകാതെ അവഗണിച്ച് വിടണമെന്ന നിലപാട് കെ സുധാകരൻ മുന്നോട്ടുവെച്ചു. ഇതേ അഭിപ്രായം മറ്റ് നേതാക്കൾക്കുമുള്ളതിനാൽ നടപടി വൈകാനാണ് സാധ്യത. അച്ചടക്ക നടപടി തോമസിന് വീരപരിവേഷം നൽകുമെന്ന് സുധാകരൻ പ്രസ്‌താവിക്കുമ്പോൾ വിലക്ക് ഉയർത്തി വിഷയത്തിന് അമിത പ്രാധാന്യം നൽകിയത് നേതൃത്വം തന്നെയാണെന്ന വിമർശനം ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.

അച്ചടക്ക നടപടി ഉണ്ടായാൽ കെവി തോമസിനെ സംരക്ഷിക്കാൻ തയ്യാറെടുത്ത് സിപിഎം നിൽക്കുമ്പോൾ ‘കേന്ദ്ര സംസ്‌ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിലെ സെമിനാറിൽ കെവി തോമസിന്റെ വാക്കുകൾക്കായി കാതോർക്കുകയാണ് രാഷ്‌ട്രീയ കേരളം. ഇരുപത്തി മൂന്നാം സിപിഎം പാർട്ടി കോൺഗ്രസിന്റെ ഈ ദിവസത്തിൽ രാഷ്‌ട്രീയ മാനങ്ങൾ ഏറെയാണ്.

Most Read: കൊറോണ വൈറസ് എക്‌സ്ഇ; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE