തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്‌ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർ പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ കരുതണം. തണ്ണീർ പന്തലുകൾ എവിടെയാണ് സ്‌ഥിതി ചെയ്യുന്നതെന്ന് എന്ന് പൊതുജനങ്ങൾക്ക് ജില്ലകൾ തോറും അറിയിപ്പ് നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം.
ഇത്തരം തണ്ണീർപന്തലുകൾ സ്‌ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഗ്രാമപഞ്ചായത്തിന് രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോർപറേഷന് അഞ്ചു ലക്ഷം രൂപ വീതം അനുഭവിക്കും. ഈ പ്രവർത്തി അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തും. വ്യാപാരികളുടെ സഹകരണം ഇതിൽ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താൽക്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്‌ജീകരിക്കാവുന്നതാണ്.
ഉഷ്‌ണകാല ദുരന്ത ലഘുകരണ പ്രവർത്തന രേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത മാർഗ രേഖയിൽ സംസ്‌ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നിശ്‌ചയിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചേർന്ന് വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തണം. ഇത്തരം ക്യാമ്പയിൻ ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന് നാമകരണം ചെയ്യും. കേരളത്തിലെ എല്ലാ നഗരങ്ങൾക്കും ഹീറ്റ് ആക്ഷൻ പ്ളാനുകൾ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Most Read: ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിപ്പ്; തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും