ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. എം ശിവശങ്കറിന്റെ അറസ്‌റ്റിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
Life Mission Vigilance against shivashankar
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷമാണ് ലൈഫ് മിഷൻ കോഴക്കേസ് കേരളത്തിൽ വീണ്ടും സജീവമാകുന്നത്. ഇത് സർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എന്നാൽ, അറസ്‌റ്റ് സർക്കാരിന് തിരിച്ചടിയല്ലെന്നും, ദേശീയ അന്വേഷണ ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നുമാണ് എൽഡിഎഫ് കുറ്റപ്പെടുത്തുന്നത്.

എം ശിവശങ്കറിന്റെ അറസ്‌റ്റിന്‌ പിന്നാലെ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീം കോടതിയിൽ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ശിഷ്യന് പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ലെന്നു സുധാകരൻ പ്രതികരിച്ചു.

എം ശിവശങ്കറിന്റെ അറസ്‌റ്റിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ശിവശങ്കറിന്റെ അറസ്‌റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്ക് ആണെന്നും, അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബിജെപി. ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കറിന്റെ അറസ്‌റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തി. വസ്‌തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ കോഴക്കേസിൽ വിവാദങ്ങൾ പലതും ഉണ്ടായെങ്കിലും, ദേശീയ ഏജസികളുടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ഈ ഘട്ടത്തിലാണ് എം ശിവശങ്കറിന്റെ അറസ്‌റ്റ്. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ ദിവസമാണ് ഇഡി എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കോഴപ്പണം സ്വർണമായി സൂക്ഷിച്ചു പിന്നീട് ഡോളറായി കടത്തി എന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ശിവശങ്കർ ഇഡി ചോദ്യം ചെയ്‌തിരുന്നത്‌. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റിലേക്ക് കടന്നത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉൾപ്പടെ ശിവശങ്കറിന് എതിരായിരുന്നു. ശിവശങ്കർ കോഴയുടെ പങ്കുപറ്റി എന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരുന്നു.

അതിനിടെ, ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി വ്യക്‌തമാക്കി. കേസിൽ ആകെ എട്ട് പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എം ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റ് പ്രധാന തെളിവായെന്നും ഇഡി വ്യക്‌തമാക്കി. സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളും കേസിൽ തെളിവായെന്ന് ഇഡി അറിയിച്ചു.

അറസ്‌റ്റിന്‌ ശേഷം വൈദ്യപരിശോധന പൂർത്തിയാക്കിയ എം ശിവശങ്കറിനെ വീണ്ടും ഇഡി ഓഫീസിൽ എത്തിച്ചു. വിശദമായ റിമാൻഡ് റിപ്പോർട് നൽകിയ ശേഷമേ ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിലെത്തിക്കൂ. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്.

എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമപോരാട്ടം തുടരുമെന്നും സ്വപ്‌ന വ്യക്‌തമാക്കി. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്‌ക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയ സിഎം രവീന്ദ്രനെ ചോദ്യം ചെയ്‌താൽ സത്യം പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ് ബെംഗളൂരുവിൽ പറഞ്ഞു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ലഭിച്ചത് ഒരു കോടി രൂപയും മൊബൈൽ ഫോണുമാണെന്ന് ഇഡി വ്യക്‌തമാക്കിയിട്ടുണ്ട്‌. 3.38 കോടി രൂപയുടെ കോഴ ഇടപാടാണ് നടന്നത്. കരാറിന് ചുക്കാൻ പിടിച്ചാണ് എം ശിവശങ്കർ കോഴ ഇടപാടിന്റെ ഭാഗമായത്.

Most Read: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവ് മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE